ഇന്ത്യയില്‍ 1000 കടന്ന് ഒമിക്രോണ്‍ രോഗികള്‍; പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിയന്ത്രണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1000 കടന്നു. 1270 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടുകയും പ്രതിദിന കൊവിഡ് കേസുകളില്‍ 27 ശതമാനം വര്‍ധനവ് ഉണ്ടാവുകയും ചെയ്തു. ഇതോടെ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ 420, ന്യൂഡല്‍ഹിയില്‍ 320 രോഗികളുണ്ട്. 109 രോഗികളുള്ള കേരളമാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ മൂന്നാമത്. ഒന്നര മുതല്‍ മൂന്ന് ദിവസം കൊണ്ട് ഒമിക്രോണ്‍ വ്യാപനം ഇരട്ടിയാകുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒമിക്രോണിന്റെ വ്യാപനം കൊവിഡ് കേസുകള്‍ ഉയരുന്നതിനും കാരണമായി. പ്രതിദിന രോഗികളുടെ എണ്ണം 13000 നിന്ന് 16764-ല്‍ എത്തി. 71 ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണിത്. ഡല്‍ഹിയില്‍ ഏഴു മാസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് കണക്ക് 1000 കടന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളും രാത്രി പത്ത് മുതല്‍ അഞ്ച വരെ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നാളെ മുതല്‍ കൗമാരക്കാര്‍ക്ക് വാക്‌സിനേഷന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കരുതല്‍ ഡോസായി ഏത് വാക്‌സിന്‍ നല്‍കണമെന്നതില്‍ തീരുമാനമായില്ല എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.
