കുമ്പനാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പെന്തക്കോസ്ത് സമൂഹത്തെ യുഡിഎഫും എൽഡിഎഫും പൂർണ്ണമായും അവഗണിച്ചുവെന്ന ആരോപണം സംസ്ഥാനത്താകെ ശക്തമാകുന്നു. ഏകദേശം 25 ലക്ഷം വിശ്വാസികളുള്ള പെന്തക്കോസ്ത് വിഭാഗത്തിന് സ്ഥാനാർഥി നിർണ്ണയത്തിൽ ഒരു പദവിയും നൽകാതിരുന്നതാണ് സംഘടനകളുടെ പ്രകോപനമുണർത്തിയിരിക്കുന്നത്.
വർഷങ്ങളായി ഇരു മുന്നണികൾക്കും ഉറച്ച പിന്തുണ നൽകിയിട്ടും തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് മാത്രം തേടുന്ന രാഷ്ട്രീയമാണ് ആവർത്തിച്ച് നടക്കുന്നതെന്നതാണ് നേതാക്കളുടെ ആരോപണം. സ്ഥാനം നിഷേധിച്ചതിനെതിരെ യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിലും ഡെമോക്രാറ്റിക് ബിലീവേഴ്സ് ഫോറവും ശക്തമായ പ്രതിഷേധം അറിയിച്ചു. സമൂഹത്തിന്റെ സംഘടനാത്മക ശക്തിയും സ്ഥിരമായ വോട്ട്ബാങ്കും ഉപയോഗിച്ച് മുൻനിര മുന്നണികൾ പ്രയോജനം നേടിയിട്ടും, പെന്തക്കോസ്ത് പ്രതിനിധാനം പൂർണ്ണമായി ഇല്ലാതാക്കുന്ന സമീപനമാണ് നടപ്പാക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും ഇതേ അവഗണന തുടർന്നാൽ, പെന്തക്കോസ്ത് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ സമൂഹം നിർബന്ധിതരാകുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. “കേരളത്തിൽ പെന്തക്കോസ്ത് ഐക്യം ശക്തമാണ്; ഈ ഐക്യത്തെ അവഗണിക്കുന്നതിന്റെ രാഷ്ട്രീയ വില മുന്നണികൾ അടയ്ക്കേണ്ടി വരും” എന്ന് നേതാക്കൾ വ്യക്തമാക്കി

Comments are closed.