സാത്താനിക് ചർച്ചിന്റെ സഹസ്ഥാപകൻ ക്രിസ്തു വിശ്വാസത്തിലേക്ക്
കേപ് ടൌണ്‍ : ദക്ഷിണാഫ്രിക്കന്‍ സാത്താനിക് ചര്‍ച്ച് (എസ്.എ.എസ്.സി) ന്റെ സഹസ്ഥാപകനും, കടുത്ത സാത്താന്‍ ആരാധകനുമായ റിയാന്‍ സ്വീഗെലാര്‍ സാത്താന്‍ ആരാധന ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസത്തിലേക്ക്. സൗത്ത് ആഫ്രിക്കന്‍ സാത്താനിക് ചര്‍ച്ചിലെ പ്രഘോഷകനായ സ്വീഗെലാര്‍ തന്റെ പദവിയില്‍ നിന്നും രാജിവെച്ച ശേഷം ജൂലൈ 4ന് ഫേസ്ബുക്കിലൂടെയുള്ള തത്സമയ വീഡിയോ സന്ദേശത്തിലൂടെയാണ് ക്രിസ്തുവുമായുള്ള തന്റെ അസാധാരണ കണ്ടുമുട്ടലിനെ കുറിച്ച് വിവരിച്ചത്. സ്വീഗെലാര്‍ രാജിവെച്ച കാര്യം സൗത്ത് ആഫ്രിക്കന്‍ സാത്താനിക് ചര്‍ച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. \”പരിധികളില്ലാത്ത ക്രിസ്തീയ സ്നേഹം അനുഭവിക്കുവാന്‍ കഴിഞ്ഞതാണ് സാത്താനെ വിട്ട് ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചതെന്നു എന്റെ ജീവിതത്തിലൊരിക്കലും നിരുപാധിക സ്നേഹം ഞാന്‍ അറിഞ്ഞിരുന്നില്ല. നാല് ക്രൈസ്തവരാണ് എന്നെ ക്രിസ്തീയ സ്നേഹം എന്താണെന്ന് പഠിപ്പിച്ചത്. ഞാന്‍ അവരോട് നന്ദിയുള്ളവനാണ\”. സ്വീഗെലാര്‍ പറയുന്നു. സ്വവര്‍ഗ്ഗാനുരാഗ ജീവിതം നയിക്കുന്ന താന്‍ ദൈവസ്നേഹത്തിന് അര്‍ഹനല്ലെന്നായിരുന്നു സ്വീഗെലാര്‍ കരുതിയിരുന്നത്. എന്നാല്‍ ദൈവരാജ്യത്തേക്കുറിച്ചും ക്രിസ്തുവിന്റെ അചഞ്ചലമായ സ്നേഹത്തെയും കുറിച്ച് ബോധ്യമായതോടെ ദൈവരാജ്യം എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നതാണെന്നു മനസ്സിലായെന്നും സ്വീഗെലാര്‍ പറയുന്നു. നിരീശ്വരവാദിയാകുന്നതിന് മുന്‍പ് 20 വര്‍ഷത്തോളം ക്രിസ്ത്യന്‍ പ്രേഷിത മേഖലയില്‍ പ്രവര്‍ത്തിച്ചിരിന്ന വ്യക്തിയായിരുന്നു സ്വീഗെലാര്‍. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം സാത്താന്‍ ആരാധനയില്‍ എത്തിപ്പെടുന്നത്.
