കാനഡ :കാനഡയിലെ യുവതലമുറ നേരിടുന്ന മാനസികവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടാൻ രാജ്യവ്യാപകമായി പ്രാർത്ഥനാ യജ്ഞവുമായി ക്രൈസ്തവ സംഘടനയായ ആൽഫ കാനഡ. രാജ്യത്തെ 4,911 ഹൈസ്കൂളുകളെയും അവിടെയുള്ള വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രാർത്ഥനയിൽ പൊതിയാൻ ആൽഫ യൂത്ത് ഡയറക്ടർ ടിം ടീക്കിൾ സഭകളോട് ആഹ്വാനം ചെയ്തു. 2026-ലും ഈ പ്രാർത്ഥനാ യജ്ഞം സജീവമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ മൂല്യങ്ങൾ രൂപപ്പെടുത്താൻ കഷ്ടപ്പെടുന്ന യുവജനങ്ങൾക്ക് ആത്മീയ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മെയ്ഡ് ഫോർ ദിസ്’ എന്ന പേരിൽ ആരംഭിച്ച ഈ കാമ്പയിൻ പ്രകാരം, സഭകൾക്ക് ഒരു ഇൻ്ററാക്ടീവ് മാപ്പ് വഴി കുറഞ്ഞത് രണ്ട് ഹൈസ്കൂളുകളെങ്കിലും തിരഞ്ഞെടുത്ത് അവർക്കായി ആഴ്ചതോറും പ്രാർത്ഥിക്കാവുന്നതാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച ഈ സംരംഭം 2026 ജൂൺ വരെ നീണ്ടുനിൽക്കും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ സ്കൂളിലെ സപ്പോർട്ട് സ്റ്റാഫ്, അധ്യാപകർ എന്നിവർക്കായും പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നുണ്ട്. 24-7 പ്രെയർ എന്ന അന്താരാഷ്ട്ര സംഘടനയുമായി ചേർന്നാണ് ഓരോ മാസത്തേക്കും ആവശ്യമായ പ്രാർത്ഥനാ കുറിപ്പുകൾ വിശ്വാസികൾക്ക് നൽകുന്നത്.
ഇന്നത്തെ തലമുറയിലെ കുട്ടികൾ ക്രിയാത്മകതയുള്ളവരും എന്നാൽ ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നവരുമാണെന്ന് ആൽഫ കാനഡ നാഷണൽ ഡയറക്ടർ ഷൈല വിസ്സർ പറഞ്ഞു. ഇവർക്കായി പ്രാർത്ഥിക്കുമ്പോൾ അവർ മാത്രമല്ല, പ്രാർത്ഥിക്കുന്ന സഭകളും മെച്ചപ്പെടുമെന്ന് അവർ വിശ്വസിക്കുന്നു. വിദ്യാർത്ഥികളെ പിന്തുണയ്ക്കാനും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും കുറിപ്പുകൾ അയക്കുന്നത് പോലുള്ള വ്യത്യസ്തമായ വഴികൾ തേടാൻ സഭകളോട് ആൽഫ കാനഡയുടെ ബ്രാൻഡ് ഇൻഫ്ലുവൻസ് ഡയറക്ടർ ജോവാന ലാ ഫ്ലൂർ ആവശ്യപ്പെട്ടു.

Comments are closed.