മസ്കറ്റ്: ഒമാനിലെ ചർച്ച് ഓഫ് ഗോഡിന്റെ മൂന്നു പതിറ്റാണ്ടുകൾ നീണ്ട ആത്മീയ ശുശ്രൂഷയുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ 2026 ഒക്ടോബർ 12 മുതൽ 14 വരെ മസ്കറ്റിലെ റൂവി ന്യൂ മെയിൻ ഹാളിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ രാത്രി 10 വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ ആത്മീയ ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്.
പിസിഒ പ്രസിഡന്റ് റവ. മിഷേൽ ഫോർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു, കരീബിയൻ സീനിയർ റീജിയണൽ സൂപ്രണ്ട് ഡോ. കെൻറോയ് ആർ. ബർക്ക് എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇവർക്കു പുറമെ ഒമാൻ നാഷണൽ ഓവർസിയർ ബിഷപ്പ് ബെഥേൽ തോമസ് വർഗീസ്, ഏഷ്യൻ മിഷനറി ഡോ. ഷിബു സാമുവേൽ, എജുക്കേഷൻ ഡയറക്ടർ റവ. ഗ്ലാഡ്സൺ വർഗീസ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഇവഞ്ചലിസ്റ്റ് ഗുഡ്‌വിൻ ജോർജിന്റെ നേതൃത്വത്തിലുള്ള ഒമാൻ നാഷണൽ ക്വയർ കൺവെൻഷനിലെ സംഗീത-ആരാധന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഒമാനിലെ ചർച്ച് ഓഫ് ഗോഡിന്റെ 30 വർഷത്തെ വിശ്വാസയാത്രയെയും ദൈവത്തിന്റെ വിശ്വസ്തതയെയും നന്ദിയോടെ സ്മരിക്കുന്ന വേദി എന്നതിനൊപ്പം, വരുംകാല ശുശ്രൂഷകൾക്കും ആത്മീയ ഉണർവിനും പുതിയ ദിശാബോധം നൽകുന്ന സംഗമമായും കൺവെൻഷൻ മാറുമെന്ന് സംഘാടകർ അറിയിച്ചു. ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളെയും കുടുംബങ്ങളെയും സമ്മേളനത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
Ps. Alexander – 99700490
Ps. Stephy – 95349164
Ps. Sarath – 92400187

Comments are closed.