അർമേനിയ : അർമേനിയൻ അപ്പോസ്തോലിക് സഭയ്ക്കെതിരെയുള്ള സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് വിദേശകാര്യ മന്ത്രി അറരാത്ത് മിർസോയന് നേരെ കൗൺസിൽ ഓഫ് യൂറോപ്പിൽ പ്രതിഷേധം നടന്നു. പ്രധാനമന്ത്രി നിക്കോൾ പഷിന്യാന്റെ സർക്കാർ സഭയെ രാഷ്ട്രീയമായി പീഡിപ്പിക്കുകയാണെന്നും മതസ്വാതന്ത്ര്യം ലംഘിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. നാഗർണോ-കരാബാഖ് യുദ്ധത്തിലെ തോൽവിയെത്തുടർന്ന് സഭാനേതൃത്വം സർക്കാരിനെ വിമർശിച്ചതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായത്. സഭയിലെ മെത്രാന്മാരിൽ മൂന്നിലൊന്ന് ഭാഗവും നിലവിൽ തടവിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ആർച്ച് ബിഷപ്പ് മൈക്കൽ അജപഹ്യാൻ ഉൾപ്പെടെയുള്ള പ്രമുഖ പുരോഹിതർക്ക് കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. രാജ്യത്തെ ‘ഭ്രാന്തനിൽ’ നിന്ന് രക്ഷിക്കാൻ അട്ടിമറി അനിവാര്യമാണെന്ന ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയാണ് പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കിയത്. എന്നാൽ, സ്വതന്ത്ര ചിന്താഗതിയുള്ള അവസാനത്തെ കോട്ടയായ സഭയെ ഇല്ലാതാക്കി, പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ‘സ്റ്റേറ്റ് ചർച്ച്’ നിർമ്മിക്കാനാണ് പഷിന്യാൻ ശ്രമിക്കുന്നതെന്ന് ബ്രിട്ടീഷ് എംപി സർ എഡ്വേർഡ് ലീ ഉൾപ്പെടെയുള്ളവർ വിമർശിച്ചു. പഷിന്യാന്റെ നീക്കങ്ങൾ പഴയ സോവിയറ്റ് കാലഘട്ടത്തിലെ ഏകാധിപത്യത്തിന് സമാനമാണെന്നും ഇവർ ആരോപിക്കുന്നു.
തങ്ങൾ സഭയെ തകർക്കുകയല്ല, മറിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ നിന്ന് സഭയെ സംരക്ഷിക്കുകയാണെന്നാണ് സർക്കാരിന്റെ വിശദീകരണം. വിദേശകാര്യ മന്ത്രി മിർസോയൻ കൗൺസിൽ ഓഫ് യൂറോപ്പിൽ ഈ ആരോപണങ്ങളെ നിഷേധിച്ചു. സഭയിലെ ചില പുരോഹിതർ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനും നേതാക്കളെ വധിക്കാനും പരസ്യമായി ആഹ്വാനം ചെയ്യുന്നുണ്ടെന്നും അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ മാത്രമാണ് നടപടിയെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഭയും രാഷ്ട്രീയവും തമ്മിലുള്ള ഈ പോരാട്ടം അർമേനിയയിലെ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്

Comments are closed.