ലാഹോര്‍: വിവാദ മതനിന്ദാകേസില്‍ ഇരയായ ക്രിസ്ത്യന്‍ വനിതാ മുസറത്ത് ബീബിക്കു നേരെ വീണ്ടും വധഭീഷണി. പഞ്ചാബ് പ്രവിശ്യയിലെ പാക്പട്ടന്‍ ജില്ലയിലെ ആരിഫ്വാല തഹസില്‍ 66 ഇബി ഗ്രാമത്തിലെ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്റ്റോര്‍ റൂം ജീവനക്കാരിയായ ജോലി നോക്കുകയായിരുന്നു മുസറത്ത്.
സ്കൂള്‍ റൂം വൃത്തിയാക്കുന്നതിനിടയില്‍ ഖുറാന്റെ പേജുകള്‍ അവഹേളിച്ചു എന്ന് ആരോപിച്ച് മുസറത്തിനെയും മുസ്ളീം തൊഴിലാളിയായ മുഹമ്മദ് സര്‍മ്മദിനെയും ഏപ്രില്‍ 15-ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ പാഴ് വസ്തുക്കള്‍ കത്തിച്ചപ്പോള്‍ അതില്‍ ഖുറാന്റെ പേജും ഉണ്ടായിരുന്നു എന്നാണ് ആരോപണം. നാലു ദിവസത്തിനുശേഷം സ്കൂള്‍ അധികൃതര്‍ മുസറത്തിനെ മാത്രം പ്രതിയാക്കുകയും മുസ്ളീമായ മുഹമ്മദിനെ കേസില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും മനപൂര്‍വ്വമല്ല പേജുകള്‍ കത്തിച്ചതെന്ന് സ്കൂള്‍ അധികൃകര്‍ക്ക് അറിയാമായിരുന്നുവെന്ന് മുസറത്തിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
മുസറത്തിനെ റിമാന്റു ചെയ്യുകയും ചെയ്തു. ഈ കേസില്‍ അരിഫ്വാല അഡീഷണല്‍ ജഡ്ജി മുസറത്തിനു ജാമ്യം അനുവദിക്കുകയും . മുസറത്തിനെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു. എന്നാൽ പ്രതികാരം തീര്‍ന്നില്ല. കേസ് തുടങ്ങിയപ്പോഴേക്കും സ്കൂള്‍ അധികൃതര്‍ മുസറത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജയിലിനു പുറത്തിറങ്ങിയിട്ടും ഇപ്പോള്‍ ജോലി പുനസ്ഥാപിക്കുവാന്‍ സ്കൂള്‍ അധികൃതർ അനുവദിച്ചില്ല. മാത്രമല്ല ഇസ്ളാമിക മതമൌലിക വാദികളുടെ വധഭീഷണിയുമുണ്ട്. ഇതേതുടര്‍ന്ന് മുസറത്തും കുടുംബവും ഇപ്പോള്‍ രഹസ്യ കേന്ദ്രത്തിലാണ് കഴിയുന്നത്.
