ക്രൈസ്തവ മിഷണറിമാര്‍ മതം മാറ്റുന്നത് ഹിന്ദുവിന്റെ ദയനീയാവസ്ഥ മുതലെടുത്താണ്; മോഹന്‍ ഭാഗവത്
സമൂഹത്തിലെ ഹിന്ദുക്കളുടെ ദയനീയാവസ്ഥ മുതലെടുത്ത് അവരെ മതം മാറ്റാനാണ് ക്രൈസ്തവർ ശ്രമിച്ചതെന്ന് ഭാഗവത് പറഞ്ഞു
ന്യൂഡല്‍ഹി: കേരളത്തിലടക്കം ക്രൈസ്തവ സമുദായത്തെ പാര്‍ട്ടിയിലേക്കടുപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടെ ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. സമൂഹത്തിലെ ഹിന്ദുക്കളുടെ ദയനീയാവസ്ഥ മുതലെടുത്ത് അവരെ മതം മാറ്റാനാണ് ക്രൈസ്തവർ ശ്രമിച്ചതെന്ന് ഭാഗവത് പറഞ്ഞു.
തദ്ദേശീയരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതില്‍ പൊതുസമൂഹം പരാജയപ്പെടുമ്പോഴാണ് മിഷണറി സംഘങ്ങള്‍ അവരുടെ അവസ്ഥ മുതലെടുക്കുന്നതെന്നും ആര്‍.എസ്.എസ് തലവന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
‘നമ്മള്‍ നമ്മുടെ സ്വന്തം ജനങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കാതിരുന്ന കാലത്ത് ആയിരം മൈലുകള്‍ക്കപ്പുറത്ത് നിന്നെത്തിയ മിഷണറി സംഘങ്ങള്‍ ഇവിടെ വന്ന് അവരോടൊപ്പം താമസിച്ചു. അവരുടെ കൂടെ ജീവിച്ച് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി. പിന്നീട് അവരെ മതം മാറ്റി.
പക്ഷെ കഴിഞ്ഞ നൂറ് വര്‍ഷമായിട്ടും നമ്മുടെ സംസ്‌കാരത്തിന്റെ തായ് വേരറുക്കാന്‍ അവര്‍ക്കായിട്ടില്ല. അതിന് നമ്മുടെ പൂര്‍വികര്‍ക്ക് നമ്മള്‍ നന്ദി പറയണം. സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന ഹിന്ദുവിന്റെ ദയനീയാവസ്ഥ മുതലെടുത്ത് അവരെ മതം മാറ്റാനാണ് ശ്രമിച്ചത്. ഈ ചതി നമ്മള്‍ മനസിലാക്കുകയും സനാതന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും വേണം,’ ഭാഗവത് പറഞ്ഞു.
മിഷണറിമാരുടെ മതപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത ഹിന്ദുവിന്റെ അവസ്ഥ മുതലെടുത്താണ് അവര്‍ മതം മാറ്റത്തിന് ആക്കം കൂട്ടുന്നതെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ക്രൈസ്തവ മതത്തിലേക്ക് പോയ മധ്യപ്രദേശിലെ ഒരു ഗ്രാമം മുഴുവന്‍ ആര്‍.എസ്.എസ് ഇടപെട്ട് ഘര്‍വാപസി നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘മിഷണറിമാര്‍ നമ്മുടെ വിശ്വാസത്തെ തകര്‍ക്കാനായി ഹിന്ദു മതത്തെക്കുറിച്ച് ചില സംശയങ്ങള്‍ ഉന്നയിക്കും. അതാണവരുടെ രീതി. നമ്മുടെ സമൂഹം ഇത്തരം ആളുകളെ മുമ്പ് അഭിമുഖീകരിക്കാത്തതിനാല്‍ അവര്‍ക്ക് സ്വാഭാവികമായും സനാതന ധര്‍മത്തെക്കുറിച്ച് സംശയമുണ്ടാകും, വിശ്വാസം നഷ്ടപ്പെടുന്ന ഹിന്ദുക്കളോടൊപ്പം പൊതുസമൂഹം കൂടെ നില്‍ക്കുന്നില്ലെന്ന തോന്നലുണ്ടാകുമ്പോള്‍ അവര്‍ മതം മാറാന്‍ നിര്‍ബന്ധിതരാവുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവിന്ദ് മഹാരാജിന്റെ സമാധി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
