കോട്ടയം: ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സിസിഎ)യുടെ പതിനഞ്ചാമത് ജനറൽ അസംബ്ലി കോട്ടയത്ത് നടക്കും. കേരളത്തിൽ ആദ്യമായി അരങ്ങേറുന്ന സിസിഎയുടെ അഞ്ചു വർഷത്തിലൊരിക്കൽ കൂടുന്ന അസംബ്ലിയിൽ നൂറിലധികം ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ നിന്നുള്ള അറുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിൽ ഇതിനു മുമ്പ് 1981ൽ ബാംഗ്ലൂരിലാണ് നടത്തിയിട്ടുള്ളത്. ആറു ദിവസം നീണ്ടുനിൽക്കുന്ന അസംബ്ലി മാമ്മൻ മാപ്പിള ഹാളിൽ അഞ്ചിനു സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറിയും വേദശാസ്ത്രജ്ഞനുമായ പ്രഫ. ഡോ. ജെറി പില്ലെ (ദക്ഷിണാഫ്രിക്ക) ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ സിസിഎ മോഡറേറ്റർ ഭിലോ ആർ. കനകസഭ (ശ്രീലങ്ക), ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ജോസഫ് മാർ ഗ്രീഗോറിയോ സ് മെത്രാപ്പോലീത്ത, ബിഷപ്പ് സിറിൽ മാർ ബസേലിയോസ്, നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ജനറൽ സെക്രട്ടറി റവ. അസീർ എബനേസർ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യാ ജനറൽ സെക്രട്ടറി സി. ഫെർണാണ്ടസ് രത്തിനരാജ തുടങ്ങിയവർ പങ്കെടുക്കും. 30ന് 5.30നു മാമ്മൻ മാപ്പിള ഹാളിൽ ഏഷ്യൻ എക്യുമെനിക്കൽ ഫെസ്റ്റിവൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരിക്കും
