കുവൈത്തിൽ ദുഃഖവെള്ളി ആചരിച്ച് ക്രൈസ്തവ സമൂഹം
ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് കുവൈത്തിലെ ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളിൽ രാവിലെ മുതൽ നടന്ന ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തമാരും വൈദികരും നേതൃത്വം വഹിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ വച്ച് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾക്ക്
ഫാ . ജോൺ തുണ്ടിയത്ത് കാർമ്മികത്വം വഹിച്ചു. സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയ്ക്കായി ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റൊറിയത്തിൽ നൂറുക്കണക്കിന് വിശ്വാസികള്‍ ഒത്തു കൂടി.
രാവിലെ പതിനൊന്നു മണിക്ക് തുടങ്ങി വൈകിട്ട് അവസാനിച്ച ശുശ്രുഷകൾക്ക് ഫാദർ എബിമട്ടക്കൽ കാർമികത്വം വഹിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് മലങ്കര സഭ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.കുവൈത്തിലെ വിവിധ ദേവാലയങ്ങളിലും താത്കാലിക പ്രാർഥനാ കേന്ദ്രങ്ങളിലും നിരവധി വിശ്വാസികൾ ദുഃഖ വെള്ളി ശുശ്രൂഷകളിൽ പങ്കു ചേർന്നു.
