ബീജിംഗ് : ഒന്നര കോടിയിലധികം ആളുകള്‍ ഉപയോഗിച്ചിരുന്ന പ്രേ ഡോട്ട് കോം എന്ന പ്രശസ്തമായ അപ്ലിക്കേഷൻ ചൈനയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. നേരത്തെ സമാനമായ ക്രൈസ്തവ ആപ്പുകൾ നീക്കം ചെയ്യപ്പെട്ടപ്പോഴും പ്രേ ഡോട്ട് കോമിന് രാജ്യത്ത് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ സർക്കാരിൻറെ നയം മാറുന്നതിന്റെ സൂചനയായി ഇപ്പോഴത്തെ നടപടി കരുതപ്പെടുന്നു. അമേരിക്കൻ പ്രസിഡൻറ് അടക്കമുള്ളവർ പങ്കെടുക്കുന്ന ദേശീയ പ്രാർത്ഥനാ ദിനവും പ്രേ ഡോട്ട് കോം ആളുകളിൽ എത്തിച്ചിരുന്നു. 2016 ലാണ് ആപ്ലിക്കേഷന് തുടക്കം കുറിക്കപ്പെടുന്നത്.
ചൈനീസ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ മറ്റ് മാർഗ്ഗങ്ങളിലൂടെ ചൈനയിലെ വിശ്വാസികളുടെ ഇടയിൽ എങ്ങനെ പ്രവർത്തിക്കാം എന്നതിനെപ്പറ്റി പ്രേ ഡോട്ട് കോം ആപ്പിന്റെ അധികൃതർ ചർച്ചകൾ നടത്തുകയാണ്. നിരവധി ബൈബിൾ ആപ്ലിക്കേഷനുകളും, ക്രൈസ്തവ വി ചാറ്റ് അക്കൗണ്ടുകളും ചൈന നീക്കം ചെയ്തിരുന്നു. ഏഷ്യയില്‍ ക്രിസ്തീയ വിശ്വാസം ഏറ്റവും അധികം വ്യാപിക്കുന്ന രാജ്യമാണ് ചൈന. ഇതില്‍ അസ്വസ്ഥരായ ഭരണകൂടം ശക്തമായ നിയന്ത്രണമാണ് ക്രൈസ്തവ സമൂഹത്തിന് ഏര്‍പ്പെടുത്തുന്നത്.
