Ultimate magazine theme for WordPress.

ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ച്‌ പൂട്ടുന്നു : കാരണം “പ്രസവശൈത്യം”

ബെയ്ജിംഗ് : ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന വിശേഷണം 2023ലാണ് ചൈന ഇന്ത്യക്ക് കൈമാറിയത്. 1950 മുതല്‍ 73 വര്‍ഷം ഈ റെക്കോഡ് കൈവശം വെച്ചിരുന്ന ചൈനയില്‍ ഇപ്പോഴിതാ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഗര്‍ഭിണികളാകുകയും പ്രസവത്തിനായി എത്തുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് “പ്രസവശൈത്യം” എന്ന് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്ന അവസ്ഥയിലേക്ക് ചൈനയെ എത്തിച്ചത്. ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ചൈനീസ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന പോസ്റ്റുകള്‍ക്ക് ചൈനീസ് ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനോടകം തന്നെ പ്രസവവാര്‍ഡുകള്‍ അടച്ചുപൂട്ടുന്ന വാര്‍ത്തകള്‍ ചൈനയിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

ജനസംഖ്യ കുറയുന്നതിന് പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൈനയിലെ യൂവാക്കള്‍ക്ക് വിവാഹം, കുടുംബജീവിതം തുടങ്ങിയവയോട് താല്‍പര്യം നഷ്ടപ്പെട്ടതാണ് ജനനനിരക്ക് കുറയുന്നതിന് പ്രധാന കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചൈനയില്‍ കുട്ടികളെ വളര്‍ത്തുന്നതിന് ചെലവ് കൂടുതലാണെന്നതാണ് രണ്ടാമത്തെ കാരണമായി കണക്കാക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, ഇന്‍ഷുവറന്‍സ് പരിരക്ഷ എന്നതിനായി രക്ഷിതാക്കള്‍ക്ക് വന്‍തുക ചെലവാക്കേണ്ടതായി വരുന്നു. 141 കോടിയാണ് ചൈനയുടെ ശരാശരി ജനസംഖ്യ. 2022ല്‍ ചൈനയിലെ ജനസംഖ്യയിലെ ഇടിവ് എട്ടര ലക്ഷമായിരുന്നു, 2023 ഇത് 20 ലക്ഷമായി ഉയര്‍ന്നു. എത്ര ആശുപത്രികളാണ് ഇതുവരെ അടച്ചുപൂട്ടിയതെന്ന കണക്കുകള്‍ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചൈനയിലെ ജനസംഖ്യാക്കുറവ് രാജ്യത്തിന്റെ ഭാവിവളര്‍ച്ചയെ ബാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

 

Leave A Reply

Your email address will not be published.