Ultimate magazine theme for WordPress.

ചില പ്രദേശങ്ങളില്‍ നേരിയ മഴയുണ്ടാവും; പൊടിക്കാറ്റ് അലര്‍ട്ട് പുറപ്പെടുവിച്ചു

അബുദാബി: യുഎഇയില്‍ അസ്ഥിര കാലാവസ്ഥയ്ക്ക് ശമനമുണ്ടായെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്നും നേരിയ മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ്. വൈകുന്നേരം താപനില കുറയുകയും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. യുഎഇ നിവാസികള്‍ക്ക് മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം. ചില പ്രദേശങ്ങളില്‍ ചാറ്റല്‍ മഴ പെയ്‌തേക്കും. വടക്കന്‍, കിഴക്കന്‍ മേഖലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത. ബുധനാഴ്ച രാവിലെ വരെ താപനില കുറയുകയും ഈര്‍പ്പം ഉയരുകയും ചെയ്യാം. നേരിയതോ മിതമായതോ ആയ കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറച്ചേക്കാം. അബുദാബിയുടെ ചില ഭാഗങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊടിക്കാറ്റിനെതിരേ ജാഗ്രതാ പാലിക്കാനാണ് നിര്‍ദേശം. പൊടിക്കാറ്റ് വൈകുന്നേരം നാലു മണി വരെ നീണ്ടുനില്‍ക്കും.

ഒമാന്‍ കടല്‍ വൈകുന്നേരങ്ങളില്‍ പ്രക്ഷുബ്ധവുമായിരിക്കും. അറേബ്യന്‍ ഗള്‍ഫിലെ തിരമാലകള്‍ മിതമായതും പ്രക്ഷുബ്ധവുമായിരിക്കുമെന്നും എന്‍സിഎം അറിയിച്ചു. കഴിഞ്ഞ വാരാന്ത്യദിനങ്ങളില്‍ ശക്തമായ പ്രതികൂല കാലാവസ്ഥയാണ് രാജ്യം അഭിമുഖീകരിച്ചത്. യുഎഇയുടെ എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായി. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച മഴയും കാറ്റും ഇടിമിന്നലും രാജ്യത്തിന്റെ മിക്ക ഭാഗത്തുകൂടിയും കടന്ന് തിങ്കളാഴ്ചയോടെയാണ് ശമിച്ചത്. ശക്തമായ കാറ്റും അബുദാബിയില്‍ കനത്ത ഇടിമിന്നലുമുണ്ടായിരുന്നു. റോഡുകളില്‍ മിക്കയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പലയിടങ്ങളിലും മഴ നാശംവിതച്ചിരുന്നു. ഷാര്‍ജയിലെ അല്‍ ഗുബൈബ ഏരിയയില്‍ താമസിക്കുന്ന പ്രവാസി ട്രക്ക് ഡ്രൈവറുടെ വീട് തകര്‍ന്ന് എട്ടംഗ കുടുംബം ഭവനരഹിതരായി. ഇദ്ദേഹത്തിന്റെ ഭാര്യയും എട്ട് മക്കളും അവരുടെ രണ്ട് ആടുകളും ഒരു രാത്രി മുഴുവന്‍ തെരുവിലാണ് കഴിച്ചുകൂട്ടിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കിടക്കകളും ഭക്ഷണസാധനങ്ങളും ഉള്‍പ്പെടെ വീട്ടിലുള്ളതെല്ലാം നശിച്ചെന്ന് ഡ്രൈവറുടെ ഭാര്യ പറഞ്ഞു. റമദാനിന് മുന്നോടിയായി വാങ്ങിയ പലചരക്ക് സാധനങ്ങളും വെള്ളത്തില്‍ കുതിര്‍ന്നു. ഭര്‍ത്താവ് ജോലി സ്ഥലത്തായിരുന്നപ്പോഴാണ് വീട് തകര്‍ന്നതെന്നും അവര്‍ പരിതപിച്ചു. രാത്രി തന്നെ ഇവരുടെ വീട് സന്ദര്‍ശിച്ച ഒരു സ്വദേശി വനിത ഇവരുടെ കുടുംബത്തിന്റെ ദൈന്യത വ്യക്തമാക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. ഈ കുടുംബത്തിന് വേണ്ടി നാമെല്ലാം ഒരുമിക്കണമെന്നും തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ സഹായിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

Sharjah city AG