പശുവിനെ സംരക്ഷിത ദേശീയ മൃഗമായി കേന്ദ്രം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു : അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി : പശുവിനെ സംരക്ഷിത ദേശീയ മൃഗമായി കേന്ദ്രം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലഹബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നും ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഗോവധം നിരോധിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ഹിന്ദുമത വിശ്വാസപ്രകാരം പശു ദൈവികതയുടെ പ്രതീകമാണെന്നാണ് വിശ്വാസമെന്നും അതിനാല്‍ പശുവിനെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ‘നമ്മള്‍ ജീവിക്കുന്നത് ഒരു മതേതര രാജ്യത്താണ്. ഇവിടെ ഹിന്ദു മത വിശ്വാസപ്രകാരം പശു ദൈവികതയുടെയും പ്രകൃതിദത്തമായ എല്ലാം നന്മകളുടെയും പ്രതിനിധിയാണ്. ആയതിനാല്‍ പശുവിനെ സംരക്ഷിക്കേണ്ടതും ആദരിക്കേണ്ടതുമുണ്ട്,’ കോടതി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബാരാബാന്‍കി സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ ഖലീക് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തെളിവുകള്‍ ഒന്നും ഇല്ലാതെ പൊലീസ് തനിക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തെന്നും, അതിനാല്‍ തനിക്കെതിരെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെയുള്ള കേസുകള്‍ റദ്ദാക്കണമെന്നും ഹാരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
