വാട്‌സ്ആപ്പ് പേയ്‌മെന്റില്‍ ഇനി ക്യാഷ്ബാക്ക് ഫീച്ചര്‍
ന്യൂഡല്‍ഹി: പുതിയ ഫീച്ചറുകളുടെ ഒരു പരമ്പര തന്നെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് പേയ്‌മെന്റുകള്‍, ഗ്രൂപ്പുകളുടെ പുതിയ ഫീച്ചറുകള്‍ എന്നിവയാണ് ഇതില്‍ ഏറ്റവും പ്രധാനം. വാട്‌സ്ആപ്പ് പേയ്‌മെന്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് വാഗ്ദാനമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് അവരുടെ അടുത്ത പേയ്മെന്റ് വഴി ഒരു ക്യാഷ്ബാക്ക് ലഭിക്കുമെന്ന് അറിയിക്കുന്ന ഒരു പുഷ് അറിയിപ്പ് സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
വാട്‌സ്ആപ്പ് പേയ്‌മെന്റുകളിലെ ക്യാഷ്ബാക്ക് ഭാവി അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് ബീറ്റാ ഇന്‍ഫോ പറയുന്നു. ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് പേയ്‌മെന്റുകള്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ യു.പി.ഐ പേയ്‌മെന്റുകള്‍ക്ക് മാത്രമെ ക്യാഷ്ബാക്ക് ബാധകമാകുവെന്നും 48 മണിക്കൂറിനുള്ളില്‍ അത് ഉപയോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമെന്നും ഇത് വ്യക്തമാക്കുന്നു.പേടിഎം പോലുള്ള ഒരു ക്യാഷ്ബാക്ക് പ്രോഗ്രാം വാട്‌സ്ആപ്പ് നടത്തുന്നതിനാല്‍ അതിന്റെ പേയ്‌മെന്റ് രാജ്യത്ത് ശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. കൂടാതെ മുന്‍ ബീറ്റാ അപ്‌ഡേറ്റുകളില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് കുറച്ച് പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചിരുന്നു.
ആന്‍ഡ്രോയിഡിനായി വാട്‌സ്ആപ്പ് 2.21.20.2 ബീറ്റ ഒരു പുതിയ ഗ്രൂപ്പ് ഐക്കണ്‍ എഡിറ്റര്‍ സവിശേഷത കൊണ്ടുവരുന്നു. ഗ്രൂപ്പ് ഡിസ്പ്ലേ ഫോട്ടോയായി ചിത്രത്തിന് പകരം ഗ്രൂപ്പ് ഐക്കണുകള്‍ വേഗത്തില്‍ സൃഷ്ടിക്കാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും. ഐക്കണിനൊപ്പം ബാക്ക്ഗ്രൗണ്ട് കളര്‍ തിരഞ്ഞെടുക്കാനും കഴിയും. പുതിയ ഡിസൈന്‍ നേരത്തേതിനേക്കാള്‍ വലിയ ചാറ്റ്, കോള്‍ ബട്ടണുകള്‍ നല്‍കുന്നു.
