തിരുവനന്തപുരം : തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗം ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിക്കുകയും ഇത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനകം നടപ്പിലാക്കിയ ശുപാർശകൾക്ക് പുറമെ 32 പുതിയ കാര്യങ്ങളിൽ കൂടി സർക്കാർ ഇന്ന് തീരുമാനമെടുത്തിട്ടുണ്ട്. ഇതിൽ പ്രധാനമായ ഒന്ന്, ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിലവിലുണ്ടായിരുന്ന 1947-ന് മുൻപ് മതം മാറിയവരായിരിക്കണം എന്ന അശാസ്ത്രീയമായ നിബന്ധന ഒഴിവാക്കിയതാണ്. ഇനി മുതൽ ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റുകൾ റവന്യൂ അധികാരികളുടെ അന്വേഷണത്തിന് സഹായകരമായ രേഖയായി പരിഗണിച്ച് വില്ലേജ് ഓഫീസർമാർക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.
സാമ്പത്തിക സഹായങ്ങളുടെ കാര്യത്തിലും സുപ്രധാനമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ച സാഹചര്യത്തിൽ, സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന ഓർഫനേജുകളിലെ അന്തേവാസികൾക്ക് നൽകുന്ന തുക 1,100 രൂപയിൽ നിന്നും 1,375 രൂപയായി ഉയർത്തി. കൂടാതെ, ഒ.ഇ.സി. വിഭാഗക്കാർക്ക് ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പൻഡും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പ് അല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും. കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് മുമ്പ് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പുകൾ പുനഃസ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു.
വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകൾക്കായി വിവിധ ജില്ലകളിൽ സൗജന്യ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. കുടിയേറ്റ കർഷകർ കൂടുതലുള്ള കണ്ണൂർ, ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലകളിലും മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്ന എറണാകുളം, തിരുവനന്തപുരം തീരപ്രദേശങ്ങളിലും ഇത്തരം ഉപകേന്ദ്രങ്ങൾ വരും. അതോടൊപ്പം, പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന്റെ ഒരു ഓഫീസ് കണ്ണൂരിൽ ആരംഭിക്കുമെന്നും, ഭാവിയിൽ തുടങ്ങുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മതപരമായ പേരുകൾ നൽകാൻ പാടില്ലെന്നും മന്ത്രിസഭ നിഷ്കർഷിച്ചിട്ടുണ്ട്.

Comments are closed.