കുമ്പനാട്: വിശ്വാസികൾ സേവനത്തിനുള്ള മനസ്സും ക്രിസ്തുവിൻ്റെ സാക്ഷികൾ ആകാൻ സമർപ്പണവും ഉള്ളവരായിരിക്കണം എന്ന് ഐപിസി ജനറൽ പ്രസിഡൻറ് പാസ്റ്റർ ഡോ. വത്സൻ എബ്രഹാം. ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ 102 മത് കുമ്പനാട് ജനറൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവത്തെയും മനുഷ്യരെയും കുറ്റമറ്റ മനസാക്ഷിയോടെ നിഷ്കളങ്കമായി സ്നേഹിക്കണം. ആരാധനയിലൂടെയാണ് ഒരു വ്യക്തിക്ക് ദൈവത്തോട് അടുക്കുവാൻ കഴിയുന്നത്. ആരാധന ഹൃദയത്തിൽ നിന്നുള്ളതാകണം. ഒപ്പം സഹജീവികളോടുള്ള സ്നേഹവും കരുതലും പ്രവർത്തിയിലൂടെ വെളിപ്പെടുത്തണം. അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും സ്നേഹത്തോടെ മാടിവിളിച്ച ക്രിസ്തുവിന്റെ സന്ദേശം, വിശ്വാസികളുടെ ജീവിതത്തിലൂടെ മറ്റുള്ളവരിലേക്ക് പകരപ്പെടണം. “ആരാധന, പ്രവർത്തി, സാക്ഷീകരണം” എന്ന കൺവെൻഷൻ തീമിനെ ആസ്പദമാക്കി ഡോ. വത്സൻ എബ്രഹാം തുടർന്ന് പറഞ്ഞു.
ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസിൻ്റെ അധ്യക്ഷതയിൽ കൂടിയ പ്രാരംഭ യോഗം സീനിയർ മിനിസ്റ്റർ പാസ്റ്റർ ബെഞ്ചമിൻ വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. പാസ്റ്റർ വി ജെ തോമസ്, ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ സ്റ്റാർലാ ലൂക്ക്, കുൽദീപ് കൗർ, ബിനു തോമസ് എന്നിവർ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും തിരുവചനം വായിച്ചു.
കൺവെൻഷൻ പാട്ടുപുസ്തകം പാസ്റ്റർ തോമസ് ജോർജ് എബ്രഹാമിന് നൽകി പ്രകാശനം ചെയ്തു. പാസ്റ്റർമാരായ സണ്ണി കുര്യൻ, ഫിലിപ്പ് പി തോമസ് എന്നിവർ പ്രാർത്ഥനയ്ക്കും സ്റ്റാൻലി ജോൺ സംഗീത ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.
കൺവെൻഷൻ ഇന്ന്
രാവിലെ എട്ടിന് ബൈബിൾ ക്ലാസ്, പത്തിന് പൊതുയോഗം. അധ്യക്ഷൻ: പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്. പ്രസംഗം: പാസ്റ്റർമാരായ ബിനു ജോൺ, ടി എ തമ്പി, ജോസ് പാപ്പച്ചൻ.; രണ്ടാം പന്തലിൽ ഹിന്ദി സമ്മേളനം: അധ്യക്ഷൻ പാസ്റ്റർ രാജൻ ചാക്കോ. പ്രസംഗം: പാസ്റ്റർമാരായ ജിൻസൺ മാത്യു, ജെയിംസ് ചാക്കോ, സുനിൽകുമാർ.
ഉച്ചയ്ക്ക് രണ്ടിന് പ്രധാന പന്തൽ: പ്രൊഫഷണലുകൾക്കുള്ള സമ്മേളനം: അധ്യക്ഷൻ: പാസ്റ്റർ കിംഗ്സിലി ചെല്ലൻ, പ്രസംഗം: ഡോ. അലൻ പള്ളിവടക്കൻ, റോബിൻ ജോർജ്.
വൈകിട്ട് 5.15ന് പൊതുയോഗം. അധ്യക്ഷൻ പാസ്റ്റർ ജോൺ റിച്ചാർഡ്. പ്രസംഗം: പാസ്റ്റർമാരായ വർഗീസ് മത്തായി, കുഞ്ഞപ്പൻ സി വർഗീസ്, മോനിസ് ജോർജ്.

Comments are closed.