സുരബായ: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ളീം മതവിഭാഗമുള്ള രാഷ്ട്രമായ ഇന്തോനേഷ്യയില്‍ മതനിന്ദാ കേസുകളും ഇസ്ളാമിക ഫത്വകളും ആള്‍ക്കൂട്ടത്തിന്റെ സമ്മര്‍ദ്ദവും അടിസ്ഥാനമാക്കിയുള്ള അറസ്റ്റുകളും കേസുകളും വര്‍ദ്ധിച്ചതോടെ മതനിന്ദാ നിയമം ഭേദഗതി ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്ന് ക്രിസ്ത്യന്‍ അവകാശ സംരക്ഷണ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു.
രാജ്യത്തെ മതനിന്ദാ നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റങ്ങളുടെ എണ്ണം 2021-ല്‍ 10-ല്‍നിന്നു കഴിഞ്ഞ വര്‍ഷം 19 ആയി വര്‍ദ്ധിച്ചുവെന്ന് അവകാശ ഗ്രൂപ്പായ ദി സെറ്റാറ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ കണക്കനുസരിച്ച് ഇന്തോനേഷ്യയിലെ മതനിന്ദാ നിയമം 1965-ല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം മൊത്തം മതനിന്ദാ കേസുകള്‍ 150 ആയി ഉയര്‍ന്നു. 2015-മുതലുള്ള മതനിന്ദാ കുറ്റത്തില്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ വന്ന മുന്‍ മുസ്ളീം പുരോഹിതനായ മുഹമ്മദ് കെസിയും ഉള്‍പ്പെടുന്നു.
2022 ഏപ്രില്‍ 6-ന് ഇസ്ളാം പ്രവാചകനെ വിമര്‍ശിക്കുന്ന യൂട്യൂബ് പോസ്റ്റുകള്‍ക്കാണ് 10 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. മതനിന്ദയ്ക്കും വിദ്വേഷ പ്രസംഗത്തിനുമാണ് കെസിയെ ശിക്ഷിച്ചത്. 3 തവണ മെക്കയില്‍ ഹജ്ജ് നടത്തിയ കെസി 2014-ലാണ് യേശുക്രിസ്തുവിങ്കലേക്ക് കടന്നുവന്നത്. ഇന്തോനേഷ്യന്‍ ഉംമ കൌണ്‍സില്‍ പോലുള്ള ഇസ്ളാമിക സംഘടനകള്‍ പുറപ്പെടുവിച്ച ഫത്വയുടെ അടിസ്ഥാനത്തിലാണ് മിക്കവാറും മതനിന്ദ കേസുകളിലും പോലീസ് കുറ്റം ചുമത്തുന്നതെന്ന് ദി സെറ്റാറയുടെ ആരോപണം.
