Ultimate magazine theme for WordPress.

വെളുപ്പാൻകാലം വരെ കുടിപ്പിക്കണോ? സർക്കാരിനെ പച്ചയ്ക്ക് കത്തിച്ച് പാലാ അതിരൂപത

പാല: ​സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരളത്തിൽ ബാറുകൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അനുമതി നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വെറും ഫീസടച്ചാൽ ബാറുകളുടെ പ്രവർത്തനസമയം പുലർച്ചെ വരെ നീട്ടിക്കൊടുക്കാൻ സർക്കാർ തയ്യാറാകുന്നത് ജനങ്ങളെ കുടിപ്പിച്ചു മുടിക്കാനാണെന്ന് ബിഷപ്പ് തുറന്നടിച്ചു.

പാലായിൽ കെസിബിസിയും മദ്യവിരുദ്ധ സമിതിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​കഴിഞ്ഞ പത്തുവർഷമായി മദ്യശാലകൾ കൂണുപോലെ മുളച്ചുപൊങ്ങുകയാണെന്നും സർക്കാരിന്റെ കയ്യിലുള്ള അധികാരം മദ്യവ്യാപനത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും പാലാ അതിരൂപത കുറ്റപ്പെടുത്തി. മദ്യത്തിന് പേരിടാൻ അപേക്ഷ ക്ഷണിച്ചതും പാലക്കാട് പുതിയ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയതും വഴി സർക്കാർ മദ്യക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

നാടിന്റെ ധാർമ്മികത തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ സഭ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
​സർക്കാർ വിചാരിച്ചാൽ മാത്രമേ ഇത്തരം വിപത്തുകൾ നിയന്ത്രിക്കാൻ സാധിക്കൂ എന്നും എന്നാൽ സർക്കാർ അതിന് തയ്യാറാകുന്നില്ലെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. മദ്യലഹരിയിൽ നാടിനെ മുക്കിക്കൊല്ലുന്ന നയമാണ് അധികാരികളുടേതെന്ന് അദ്ദേഹം പരിഹസിച്ചു. സർക്കാരിനെതിരെ സഭ നടത്തുന്ന ഈ പടപ്പുറപ്പാട് വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്. മദ്യവിരുദ്ധ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാലാ അതിരൂപത ഈ പ്രസംഗത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

Sharjah city AG

Comments are closed.