ടെൽ അവീവ് : ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇറാൻ തിരിച്ചടിക്കുമെന്ന ആശങ്കയ്ക്കിടെ മകന് കൂടുതൽ സുരക്ഷ നൽകണമെന്ന് ബെഞ്ചമിൻ നെതന്യാഹു. ഫ്‌ളോറിഡയിലുള്ള മകൻ യായിർ നെതന്യാഹുവിന് കൂടുതൽ സംരക്ഷണം നൽകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഹനിയയുടെ രക്തത്തിന് പകരമായി ഇസ്രയേലിലെ ഉന്നതരായ വ്യക്തികളെ ഇറാൻ നോട്ടമിടുന്നുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നെതന്യാഹു ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. ഫ്‌ളോറിഡയിലെ മയാമിയിലാണ് 33കാരനായ യായിർ നെതന്യാഹു കഴിയുന്നത്. പ്രതിവർഷം ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കു മാത്രമായി 25 ലക്ഷം ഇസ്രായേല്‍ ഷെകലാണ് (ഏകദേശം 5.72 കോടി രൂപ) സർക്കാർ ഖജനാവില്‍നിന്നു ചെലവിടുന്നത്.
