Ultimate magazine theme for WordPress.

കാലിഫോർണിയ ചാർട്ടർ സ്കൂളുകളിൽ ക്രിസ്തീയ സിലബസിന് വിലക്ക്: കുടുംബങ്ങൾ സുപ്രീം കോടതിയിൽ

കാലിഫോർണിയ : കാലിഫോർണിയയിലെ ചാർട്ടർ സ്കൂളുകളിലെ ഹോംസ്കൂൾ പഠന പദ്ധതികളിൽ ക്രിസ്തീയ സിലബസുകളും പഠനസാമഗ്രികളും ഉൾപ്പെടുത്തുന്നത് വിലക്കുന്ന സംസ്ഥാന നയത്തിനെതിരെ ക്രിസ്ത്യൻ കുടുംബങ്ങൾ യു.എസ്. സുപ്രീം കോടതിയെ സമീപിച്ചു. ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങൾക്കായി സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

വില്യം പെൻ, ജോനാഥൻ എഡ്വേർഡ്സ് തുടങ്ങിയ പ്രമുഖ ക്രിസ്ത്യൻ ചിന്തകരുടെ രചനകളും ‘ബോബ് ജോൺസ് യൂണിവേഴ്സിറ്റി’യുടെ ക്രിസ്തീയ പാഠപുസ്തകങ്ങളും സ്കൂളുകൾ നിരസിച്ചതാണ് കേസിന് ആധാരം. “ദൈവം മഴ നൽകുന്നു” എന്ന ലളിതമായ വാചകം അടങ്ങിയ വ്യാകരണ പരിശീലനം പോലും മതപരമായ പരാമർശമുള്ളതിനാൽ സ്കൂൾ അധികൃതർ തള്ളി.

പൊതു മാനദണ്ഡങ്ങൾ പാലിക്കുന്ന മികച്ച ക്രിസ്തീയ സിലബസ് തെരഞ്ഞെടുക്കുന്നതിന്റെ പേരിൽ മാതാപിതാക്കളെ ശിക്ഷിക്കുന്നത് മതപരമായ വിവേചനമാണെന്ന് ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. പൊതു ഫണ്ട് ഉപയോഗിച്ച് ക്രിസ്തീയ മതോപദേശം നൽകാൻ കഴിയില്ലെന്ന കാലിഫോർണിയ സംസ്ഥാന നയവും ഒൻപതാം സർക്യൂട്ട് അപ്പീൽ കോടതി വിധിയുമാണ് കുടുംബങ്ങൾ ചോദ്യം ചെയ്യുന്നത്.

തങ്ങളുടെ കുട്ടികൾക്ക് ക്രിസ്തീയ മൂല്യങ്ങളിലധിഷ്ഠിതമായ വിദ്യാഭ്യാസം നൽകാനുള്ള ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലാണ് ഈ കുടുംബങ്ങൾ. കേസ് വരും മാസങ്ങളിൽ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.

Sharjah city AG

Comments are closed.