ഡല്‍ഹി: ആരാധനാലയങ്ങള്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, വിദ്വേഷ കുറ്റകൃത്യങ്ങള്‍, പ്രസംഗങ്ങള്‍ എന്നിവ തടയുന്നതിനുള്ള ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ ഇന്ത്യ കാനഡയോട് ശുപാര്‍ശ ചെയ്തു. കഴിഞ്ഞയാഴ്ച ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ (യുഎന്‍എച്ച്ആര്‍സി) അവലോകന യോഗത്തെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യയുടെ സ്ഥിരം മിഷന്‍ ഫസ്റ്റ് സെക്രട്ടറി കെ എസ് മുഹമ്മദ് ഹുസൈന്‍ ശുപാര്‍ശകള്‍ മുന്നോട്ടുവച്ചത്. മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ റിപ്പോര്‍ട്ട് അവതരിപ്പിച്ച കാനഡയുടെ പ്രതിനിധി സംഘത്തെ ഇന്ത്യ സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്യുന്നതായി ഹുസൈന്‍ പറഞ്ഞു. അക്രമം പ്രോത്സാഹിപ്പിക്കുകയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാതിരിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം തടയുന്നതിനുള്ള ആഭ്യന്തര ചട്ടക്കൂട് കൂടുതല്‍ ശക്തിപ്പെടുത്തുക, മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുക, വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും പരിഹരിക്കുന്നതിനുള്ള നിയമനിര്‍മ്മാണവും മറ്റ് നടപടികളും ശക്തിപ്പെടുത്തുക എന്നിവയാണ് കാനഡയോട് ഇന്ത്യ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
തദ്ദേശീയ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കെതിരായ ഘടനാപരമായ വിവേചനം ഇല്ലാതാക്കാനും എല്ലാ കുട്ടികള്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്നതിലെ അസമത്വം പരിഹരിക്കാനും ഇന്ത്യ കാനഡയോട് ശുപാര്‍ശ ചെയ്തു.
