ക്രിസ്ത്യൻ പെണ്കുട്ടികൾക്കുനേരെയുള്ള ആക്രമണം : അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ലാഹോര്‍ മെത്രാപ്പോലീത്ത
ലാഹോര്‍:പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും, വിവാഹത്തിനും ഇരയാക്കുന്നത് തടയുവാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്ന അഭ്യര്‍ത്ഥനയുമായി ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഷാ. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ് പീസ്’ എന്ന സംഘടനയുടെ കണക്കനുസരിച്ച് രാജ്യത്തു 12-നും 25-നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഓരോവര്‍ഷവും തട്ടിക്കൊണ്ടുപോകപ്പെടുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.
സ്കൂള്‍ ബാഗുകളുമായി കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞു വിടുന്ന മാതാപിതാക്കള്‍ക്ക് പിന്നീടൊരിക്കലും അവരെ കാണുവാന്‍ കഴിയാത്ത അവസ്ഥയേക്കുറിച്ച് ആലോചിച്ച് നോക്കണം. വളരെ ദാരുണമാണ്. ഇത് പെണ്‍കുട്ടികളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി, ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന കാര്യവും ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, നിര്‍ബന്ധിത വിവാഹം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയവ തടയുവാന്‍ പാക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഈ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുവാന്‍ സഹായകമാവുമെന്നു മെത്രാപ്പോലീത്ത പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന കനത്ത ഭീഷണികള്‍ സംബന്ധിച്ച് “അവളുടെ കരച്ചില്‍ കേള്‍ക്കൂ” എന്നപേരില്‍ എ.സി.എന്നിന്റെ യു.കെ ഓഫീസ് 2021-ല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
