Ultimate magazine theme for WordPress.

ക്രൈസ്തവർക്കെതിരെ അതിക്രമം; ഛത്തീസ്ഗഡ് ബന്ദ് റദ്ദാക്കണമെന്ന് യു.സി.എഫ്

ന്യൂഡൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളിലും ശത്രുതാപരമായ നീക്കങ്ങളിലും ആശങ്ക രേഖപ്പെടുത്തി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അടിയന്തര കത്തയച്ചു. ക്രിസ്തുമസ് തലേന്ന് ഡിസംബർ 24-ന് ഛത്തീസ്ഗഡിൽ പ്രഖ്യാപിച്ചിട്ടുള്ള ബന്ദ് ക്രൈസ്തവ വിരുദ്ധമാണെന്നും അത് ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുമെന്നും ചൂണ്ടിക്കാട്ടി ബന്ദ് റദ്ദാക്കാൻ ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു.

രാജ്യത്ത് ക്രൈസ്തവർ വേട്ടയാടപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുകയാണെന്ന് യുസിഎഫ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2024-ൽ ആകെ 834 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. 2025 നവംബർ വരെ മാത്രം 706 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലും (184 കേസുകൾ) ഛത്തീസ്ഗഡിലുമാണ് (157 കേസുകൾ) ഏറ്റവും കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തത്. മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത് തടയുന്നതും സംസ്കരിച്ചവ തോണ്ടിയെടുക്കുന്നതുമായ ക്രൂരമായ നടപടികൾ വർദ്ധിക്കുന്നു. സാമൂഹിക സൗഹാർദ്ദം തകർക്കാനും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ചെറുക്കണമെന്നും പൗരന്മാരുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും യു സി എഫ് കത്തിലൂടെ ആവശ്യപ്പെട്ടു.

Sharjah city AG

Comments are closed.