മനാഗ്വേ: നിക്കരാഗ്വേയിൽ മെത്രാന്മാരുടെയും വൈദികരുടെയും തുടർച്ചയായ അറസ്റ്റുകളിൽ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. പുതുവത്സരദിനത്തിൽ വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദാനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവേയാണ് ഫ്രാൻസിസ് പാപ്പ തൻറെ ഉത്ക്കണ്ഠ രേഖപ്പെടുത്തിയത്. ഹിനത്തേഗ രൂപതയിൽപ്പെട്ട ഫാ. ഗുസ്താവൊ സന്തീനൊ എന്ന കത്തോലിക്ക വൈദികനെയും 29-ന് രാത്രി നിക്കരാഗ്വേയിലെ മനാഗ്വ അതിരൂപതയിൽപ്പെട്ട 6 വൈദികരെയും പോലീസ് അകാരണമായി അറസ്റ്റുചെയ്തിരുന്നു. 14 വൈദികരും സിയൂന രൂപതയുടെ മെത്രാൻ ഇസിദോറൊ മോറയും രണ്ടു സെമിനാരി വിദ്യാർത്ഥികളും അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്.
കിരാതമായ നടപടികളിലൂടെ, ഭരണകൂടം സഭയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പ തൻറെ ആശങ്ക അറിയിച്ചത്. അറസ്റ്റുചെയ്യപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും രാജ്യത്തെ ആകമാന സഭയോടും പ്രാർത്ഥനയിലുള്ള തൻറെ സാമീപ്യം പാപ്പ അറിയിച്ചു. സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂട വേട്ടയാടല്‍ രാജ്യത്തു തുടരുകയാണ്.
