Ultimate magazine theme for WordPress.

കേരളത്തിൽ ലൈസൻസില്ലാത്ത പതിനായിരത്തോളം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ

തിരുവനന്തപുരം : കേരളത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് പതിനായിരത്തോളം റിക്രൂട്ട്‌മെന്റ് കൺസൽട്ടിങ് സ്ഥാപനങ്ങൾ. നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഏജൻസികളുടെ കൺസൽറ്റേഷൻ യോഗത്തിൽ തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് സി ശ്യാംചന്ദാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിദേശ പഠനം, തൊഴിൽ കുടിയേറ്റം എന്നിവയിൽ വ്യാപകമായ തട്ടിപ്പുകൾ തടയുന്നതിന് ദേശീയതലത്തിൽ സമഗ്ര നിയമനിർമാണം അനിവാര്യമെന്ന് കൺസൽറ്റേഷൻ യോഗം വിലയിരുത്തി.

രാജ്യത്ത് അനധികൃത വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകൾ, വീസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വീസയിലെത്തിയുളള റിക്രൂട്ട്മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസൻസിങ് ഏർപ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷൻ ആക്ടിൽ (1983) പരിമിതികളുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് സി ശ്യാംചന്ദ് പറഞ്ഞു. സംസ്ഥാനത്തു മാത്രം ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് കൺസൽട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം നിയമപരമായ പരിമിതികൾ മൂലമാണ് എജ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ മറവിൽ നടത്തുന്ന വിദേശ റിക്രൂട്ട്‌മെന്റുകൾക്കെതിരെ നടപടിയെടുക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തുന്നതിനും കഴിയാത്തതെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. വ്യാജ റിക്രൂട്ട്‌മെന്റുകൾ സംബന്ധിച്ച നോർക്ക റൂട്ട്‌സിന്റെ ആശങ്കകളും പി ശ്രീരാമകൃഷ്ണൻ യോഗത്തെ അറിയിച്ചു. സംസ്ഥാന തലത്തിൽ പ്രത്യേക നിയമനിർമാണം സാധ്യമാകുമോ എന്നതു നിയമവകുപ്പുമായി ആലോചിക്കാനും യോഗത്തിൽ തീരുമാനിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.