കാർഡിഫ്: താനൊരു സ്വവർഗ്ഗാനുരാഗിയായ സ്ത്രീ ആയതിനാൽ ചില വിശ്വാസികൾ സഭ വിട്ടുപോയതായി വെയിൽസിലെ ആർച്ച് ബിഷപ്പ് ചെറി വാൻ. യുകെയിലെ ആദ്യ വനിതാ ആർച്ച് ബിഷപ്പും ലോകത്തിലെ ആദ്യത്തെ പരസ്യ സ്വവർഗ്ഗാനുരാഗിയായ ആർച്ച് ബിഷപ്പുമാണ് ഇവർ. ബിബിസി വെയിൽസിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം ഇവർ തുറന്നുപറഞ്ഞത്.
ചുമതലയേറ്റതിന് ശേഷം പലരുടെയും പിന്തുണ ലഭിച്ചെങ്കിലും ചിലർ ഇക്കാര്യത്തിൽ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചതായി ചെറി വാൻ വ്യക്തമാക്കി. തന്റെ ലൈംഗികതയും വ്യക്തിത്വവും ലക്ഷ്യമിട്ടുള്ള വിമർശനങ്ങൾ വേദനിപ്പിക്കുന്നതാണെങ്കിലും സഭയ്ക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അവർ പറഞ്ഞു. സഭ എൽജിബിടി+ വിഭാഗത്തിൽപ്പെട്ടവരെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് അംഗീകരിക്കാൻ ചിലർക്കു ബുദ്ധിമുട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മുൻ ആർച്ച് ബിഷപ്പ് ആൻഡ്രൂ ജോൺ വിവാദങ്ങൾക്കുശേഷം വിരമിച്ചതിനെ തുടർന്നാണ് ചെറി വാൻ ഈ സ്ഥാനത്തെത്തിയത്. സഭയ്ക്കുള്ളിലെ തെറ്റായ പ്രവണതകൾ മാറ്റി വിശ്വാസികൾക്കിടയിൽ ഐക്യം വളർത്തുകയാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളിയെന്ന് അവർ പറഞ്ഞു. ലോകത്തെ ഇരുട്ടിനും നിരാശയ്ക്കുമിടയിൽ പ്രത്യാശയും സ്നേഹവും നൽകുന്ന യേശുവിന്റെ ജനനമാണ് തന്റെ ക്രിസ്മസ് സന്ദേശമെന്നും ആർച്ച് ബിഷപ്പ് അറിയിച്ചു.

Comments are closed.