ആശങ്ക ഉയരുന്നു; വായുവിലൂടെ അതിവേഗത്തിൽ പടരും, വിയ്റ്റനാമിൽ പുതിയ വകഭേദം
നേരിട്ടുള്ള സമ്പർക്കത്തിൽ വരാതെ തന്നെ വായുവിലൂടെ രോഗബാധ ഉണ്ടാകുന്നു
ഹനോയ്: വായുവിലൂടെ അതിവേഗം പടരുന്ന കൊറോണ വൈറസ് വകേഭദം വിയ്റ്റനാമിൽ കണ്ടെത്തി. വിയറ്റ്നാം ആരോഗ്യമന്ത്രി നുയിൻ താൻഹ് ലോങാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയ വിവരം അറിയിച്ചത്. ഇന്ത്യ, യു.കെ കൊറോണ വൈറസ് വകഭേദങ്ങളുടെ സങ്കരയിനമാണ് ഇപ്പോൾ വിയറ്റ്നാമിൽ കണ്ടെത്തിയിരിക്കുന്നത്. 6,856 പേർക്കാണ് വിയ്റ്റനാമിൽ കോവിഡ് ബാധിച്ചത്. 47 പേർ രോഗം മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്. വേഗത്തിൽ വായുവിലൂടെ പകരുമെന്നത് ആശങ്ക കൂട്ടുന്നു; അതിവ്യാപന ശേഷിയുള്ള രണ്ട് വകഭേദങ്ങൾ സംഗമിച്ചുണ്ടായ ഈ പുതിയ ഇനം മറ്റ് ഇനങ്ങളേക്കാൾ വേഗത്തിൽ വായുവിലൂടെപടരുമെന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയ വിയറ്റ്നാം ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. ദുരിതങ്ങൾക്ക് അറുതിവരുത്താൻ അനുവദിക്കാതെ പുതിയ വിയറ്റ്നാം വകഭേദം. ഒരുഭാഗത്തുനിന്നും മനുഷ്യൻ കൊറോണയെ കീഴടക്കിക്കൊണ്ടിരിക്കുമ്പോൾ മറുഭാഗത്തുനിന്നും പൂർവ്വാധികം ശക്തിയോടെ ആഞ്ഞടിക്കുകയാണ് ഈ വൈറസ്. മനുഷ്യനെയും അവന്റെ എല്ലാ പ്രതിരോധ സംവിധാനങ്ങളേയും തോൽപിക്കാൻ വേഷപ്രച്ഛന്നനായി എത്തുന്ന വൈറസിന്റെ പുതയോരു വകഭേദം. തൊണ്ടയിലെ സ്രവത്തിലുള്ള വൈറസിന്റെ സാന്ദ്രത അതിവേഗം വർദ്ധിക്കുകയും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് ഇത് അതിവേഗം പടരുകയും ചെയ്യുമെന്നും ഇവർ പറയുന്നു. രോഗബാധിതനായ ഒരാളുമായി നേരിട്ടുള്ള സമ്പർക്കത്തിൽ വരാതെ തന്നെ വായുവിലൂടെ പടർന്നും രോഗബാധയുണ്ടാകാം എന്നും അവർ പറയുന്നു.
