ഇൻഫൽ :സംഘർഷം ശമിക്കാത്ത മണിപ്പൂരിൽ വീണ്ടും വെടിവയ്പ്. കുകി സമുദായക്കാരായ മൂന്നുപേരെ വെടിവച്ചുകൊന്നു. ആയുധധാരികളായ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നെന്ന് സുരക്ഷാസേന സ്ഥിരീകരിച്ചു.
ഉഖ്രുൽ പട്ടണത്തിൽനിന്ന് 47 കിലോമീറ്റർ മാറി കുകി ആദിവാസികൾ താമസിക്കുന്ന തൗവായ് കുകി ഗ്രാമത്തിൽ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. മെയ്തി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകാനുള്ള ഹൈക്കോടതി വിധിയുടെയും സംസ്ഥാന സർക്കാരിന്റെയും തീരുമാനത്തിൽ പ്രതിഷേധിച്ച് കുകിവിഭാഗക്കാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് മെയ് മൂന്നിനാണ് മണിപ്പൂരിലെ ചുരാചന്ദ്പൂർ പട്ടണത്തിൽ ആദ്യം സംഘർഷമുണ്ടായത്. തുടർന്നുണ്ടായ വംശീയ കലാപത്തിൽ 180ലേറെ പേർ കൊല്ലപ്പെടുകയും അൻപതിനായിരത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു.
