ദമൻ: കേന്ദ്രഭരണ പ്രദേശമായ ദമനിൽ വീണ്ടും ആരാധനക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം. അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ദാനിയേൽ ജോണിനും വിശ്വാസികൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
സുവിശേഷ പ്രവർത്തനങ്ങളും ആരാധനയും കടുത്ത പ്രതിസന്ധി നേരിടുന്നതു കൊണ്ട് കുറച്ചു മാസങ്ങളായി ഓൺലൈനിൽ ആരാധന നടത്തിവരികയായിരുന്നു. കർത്തൃമേശ നടത്തുന്ന ആഴ്ചയിൽ മാത്രമാണ് വിശ്വാസികൾ ഒരുമിച്ചു കൂടിവന്നിരുന്നത്.
സഭയിലെ ഒരു വൃദ്ധമാതാവിന്റെ താൽപര്യപ്രകാരം കഴിഞ്ഞ ഞായറാഴ്ച അവരുടെ ഭവനത്തിൽ ആരാധനയും, കർത്തൃമേശയും ക്രമീകരിച്ചു. വചന ശുശ്രൂഷയുടെ സമയത്ത് പന്തണ്ട് പേർ അടങ്ങുന്ന ഒരു സംഘം വീട്ടിലേക്ക് കയറി വലിയ ശബ്ദത്തിൽ ആക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇവിടെ എന്തെടുക്കുന്നു എന്ന് അവരിൽ ഒരാൾ പാസ്റ്ററോട് ചോദിക്കുന്നുണ്ടായിരുന്നു. പ്രാർത്ഥനയാണെന്ന് പാസ്റ്റർ പറഞ്ഞപ്പോൾ വീട്ടിൽ അല്ല പള്ളിയിൽ പോയി പ്രാർത്ഥിക്കുക എന്ന് പറഞ്ഞ് ബഹളം വച്ചു.
നിന്റെ പേര് എന്താണ് എന്ന് ഒരാൾ പാസ്റ്ററോട് ചോദിച്ചു. ജോൺ എന്ന് അദ്ദേഹം മറുപടി പറഞ്ഞപ്പോൾ നിന്നെയാണ് ഞങ്ങൾ അന്വേഷിച്ചിരുന്നത് എന്ന് പറഞ്ഞ് അവർ പാസ്റ്റർ ദാനിയേൽ ജോണിനെയും മറ്റു സഹോദരന്മാരെയും മർദ്ദിക്കുകയായിരുന്നു. രണ്ടാം തവണ മർദ്ദനത്തിന് ഒരുങ്ങുമ്പോൾ പാസ്റ്ററുടെ മക്കൾ തടസ്സപ്പെടുത്തുവാൻ എത്തിയെങ്കിലും അവരെയും അവർ മർദ്ദിച്ചു. ഇപ്പോൾ തന്നെ പ്രാർത്ഥന നിർത്തി സ്ഥലം വിടണം എന്ന് ആക്രോശിച്ചഅവർ മൊബൈൽ ഫോണും തട്ടിയെടുത്ത് കൊണ്ടാണ് പോയത്.
കഴിഞ്ഞ ചില ആഴ്ചകൾക്കു മുമ്പ് ദമനിലെ ലേ മെൻസ് ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ചർച്ചിൽ ആരാധനയ്ക്കിടെ ആക്രമണം ഉണ്ടായി. അന്ന് 30 ഓളം പേർക്കാണ് മർദ്ദനമേറ്റത്. ഇത് ആരംഭമാണ് ഞങ്ങൾ മണിപ്പൂർ പോലെ ആകുമെന്ന് അക്രമികൾ അന്ന് ആക്രോശിച്ചിരുന്നു. കൃപാസനം ചർച്ചിലും ചില മാസങ്ങൾക്ക് മുമ്പ് ആക്രമണം ഉണ്ടായി.
കേന്ദ്രഭരണ പ്രദേശമായ ദമനിൽ ക്രൈസ്തവ ആരാധനക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാക്കുന്നു. പോലീസിൽ പരാതിപ്പെട്ടെങ്കിലും ഒരു നടപടി ഉണ്ടാകാറില്ല.
പത്തനാപുരം കൂടൽ സ്വദേശിയായ
പാസ്റ്റർ ദാനിയേൽ ജോൺ കഴിഞ്ഞ ഏഴു വർഷമായി ദമനിൽ കർത്തൃവേലയിൽ ആയിരിക്കുന്നു. ഇവിടെ എല്ലാ ദൈവസഭകളെ ഓർത്ത് ദൈവജനം ആത്മാർത്ഥമായി പ്രാർത്ഥിക്കുക
