ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പു, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ന്യൂനമർദ്ദം ശക്തിപ്രാപിച്ച് മറ്റന്നാളോടെ വടക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സ്വാധീന ഫലമായി കേരളത്തിൽ 10, 11 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നവംബർ 10ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 11ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 12ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് ബാധകമാക്കി.ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപംകൊണ്ടതോടെ ചെന്നൈയിൽ കനത്ത മഴ തുടരുന്നു. മഴ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലേക്കും വ്യാപിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ നാലുപേർ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.ചൊവ്വാഴ്ച ബംഗാൾ ഉൾക്കടലിൽ തെക്ക്- കിഴക്കൻ ഭാഗത്ത് പുതിയൊരു ന്യൂനമർദവും രൂപപ്പെടാനിരിക്കെ മഴ കനക്കുമെന്നാണ് പ്രവചനം. ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും ആശങ്കയുണ്ട്. നവംബർ 10, 11 തീയതികളിൽ വടക്കൻ കടലോര ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചെന്നൈ, കാഞ്ചിപുരം, കടലൂർ, വിഴുപ്പുറം ഉൾപ്പെടെ 14 ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. ചെന്നൈയിലെ ചെമ്പരപ്പാക്കം, പുഴൽ, പൂണ്ടി തുടങ്ങിയ പ്രധാന ജലാശയങ്ങൾ അതിവേഗം നിറയുകയാണ്. സെക്കൻഡിൽ രണ്ടായിരം ഘനയടി വെള്ളം ഒഴുക്കിവിടുന്നുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രണ്ടാംദിവസവും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
