തലക്കടിയേറ്റു മരിച്ച നിലയിൽ
ബെംഗളൂരു: മലയാളിയായ 65 കാരിയെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സിംഗ് സാന്ദ്ര കോടിചിക്കന്ഹള്ളി മുനീശ്വര ലേയൗട്ട് നിവാസിയായ തെരേസ മേരിയാണ് (65) ഇന്നലെ ഉച്ചയ്ക്ക് തലയ്ക്കടിയേറ്റു മരിച്ചത്. താഴത്തെ വീടിനോടു ചേർന്നുള്ള ഒരു കട നടത്തിയിരുന്ന ഇവർ മുകളിലത്തെ നില വാടകയ്ക്ക് നൽകിയിരുന്നു. വാടകക്കാർ ഒഴിഞ്ഞതിനുശേഷം പുതിയതായി വാടകയ്ക്ക് നൽകാൻ ശ്രമിക്കവേ ഇന്നലെ വീട് നോക്കാൻ എന്ന വ്യാജേന വന്നവരാണ് കൊലപാതകത്തിനു പിന്നിൽ.. മുകളിലത്തെ നില തുറന്നുകാണിക്കുന്നതിനിടയിൽ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ഇവരുടെ ദേഹത്ത് ഉണ്ടായിരുന്ന മുഴുവൻ സ്വർണവും, നഷ്ടപ്പെട്ടിട്ടുണ്ട്. കടയിലും വീട്ടിലും ഉണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടത് ആയിട്ടാണ് അറിയുന്നത്. തലയ്ക്ക് അടിച്ചു വീഴ്ത്തിയ ഇവരെ മുകളിലത്തെ മുറിയിൽ പൂട്ടിയിട്ട് അതിനുശേഷം വീണ്ടും പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ സിറ്റി പോലീസ് കമ്മീഷണറും സ്ഥലം സന്ദർശിച്ചിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഫിംഗർ പ്രിന്റ് സ്ക്വാഡും ഡോഗ് സ്ക്വാഡും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പരിസരത്തെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കുറ്റവാളി കൾ എത്രയും വേഗം പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സെന്റ് ജോൺസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
