നാടുകടത്തപ്പെട്ട വൈദികരെ സ്വീകരിക്കാൻ അമേരിക്കൻ ക്രൈസ്തവ നേതാക്കൾ
മയാമി: നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഏകാധിപത്യ ഭരണകൂടം രാജ്യത്തു നിന്നും അകാരണമായി പുറത്താക്കിയ കത്തോലിക്ക വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് അമേരിക്കയിലെ മയാമി അതിരൂപത. ആര്‍ച്ച് ബിഷപ്പ് തോമസ് വെന്‍സ്കിയാണ് ഇക്കാര്യം പറഞ്ഞത്. അവര്‍ക്ക് തുടക്കത്തില്‍ അമേരിക്കയില്‍ താമസിക്കുന്ന നിക്കാരാഗ്വേന്‍ കുടുംബങ്ങളോട് ഒപ്പമോ അല്ലെങ്കില്‍ മയാമിയിലെ സെന്റ് ജോണ്‍ വിയാന്നി കോളേജ് സെമിനാരിയിലോ സ്ഥിരതാമസമാക്കാമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. കുടിയേറ്റത്തിനു വേണ്ട അനുമതി പത്രങ്ങള്‍ ശരിയാകുന്നത് വരെ അവര്‍ക്ക് ഇംഗ്ലീഷ് ക്ലാസ്സുകള്‍ ചേരാമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
സ്പാനിഷ് ഭാഷയാണ് നിക്കരാഗ്വേയില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വഞ്ചനാക്കുറ്റം ചുമത്തി പൗരാവകാശങ്ങള്‍ റദ്ദാക്കി നിക്കാരാഗ്വേ പ്രസിഡന്റ് നാടുകടത്തിയ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും ഇക്കഴിഞ്ഞ ഫെബ്രുവരി 9-നാണ് വാഷിംഗ്‌ടണ്‍ ഡി.സിയിലെത്തിയത്. ഒര്‍ട്ടേഗ ഭരണകൂടം അന്യായമായി നാടുകടത്തിയ 222 രാഷ്ട്രീയ തടവുകാരില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍. കുര്‍ബാനക്കിടെ നിക്കരാഗ്വേയിലെ കുടുംബങ്ങള്‍ക്കും, 26 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരസിനും വേണ്ടി പ്രാര്‍ത്ഥന നടത്തി.
