ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തിന് റാഞ്ചല്‍ ഭീഷണി. എയര്‍ ഇന്ത്യ വിമാനത്തിലെ ഒരു യാത്രക്കാരന്‍ ഹൈജാക്കറാകാന്‍ സാധ്യതയുള്ളതായി അവകാശപ്പെട്ട് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തി.
ഒരു അജ്ഞാത ഇമെയില്‍ വിലാസത്തില്‍ നിന്ന് അയച്ച സന്ദേശത്തില്‍ ദുബായിലേക്കുള്ള AI951 വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നു. ഒക്ടോബര്‍ 8 ന് വൈകുന്നേരം 7 മണിയോടെ, എയര്‍പോര്‍ട്ട് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിക്കുകയായിരുന്നു.
പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ ചാരന്‍ ആണെന്ന് ആരോപിക്കപ്പെടുന്ന ഒരു യാത്രക്കാരനെ സൂക്ഷിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. ഇയാള്‍ AI951 ഫ്‌ലൈറ്റ് ഹൈജാക്ക് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് സൂചന. ഹൈദരാബാദ് വിമാനത്താവളത്തിലെ നിരവധി പേര്‍ക്ക് ഈ വ്യക്തിയുമായി ബന്ധമുണ്ടെന്നും ഇമെയില്‍ മുന്നറിയിപ്പ് നല്‍കി.
