ന്യൂയോർക്ക്: അമേരിക്കയിലെ ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ജൂത കോടീശ്വരൻ ജോർജ് സോറോസിന്റെ സഹായം. ജൂത ഇടതുപക്ഷ ചായ്വുള്ള ജീവകാരുണ്യ പ്രവർത്തകനാണ് ഇദ്ദേഹം.
ജോർജ് സോറോസ് ധനസഹായം നൽകുന്ന സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീന്റെ ഘടകങ്ങളാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ദ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മൂന്ന് സർവകലാശാലകളിൽ യു.എസ് കാമ്പെയ്ൻ ഫോർ ഫലസ്തീനിയൻ റൈറ്റ്സ് എന്ന ജോർജ് സോറോസിന്റെ ധനസഹായമുള്ള സംഘടനയുടെ പ്രവർത്തകരാണ് പ്രകടനങ്ങൾ നടത്തുന്നത്.
മൂന്ന് പേരാണ് അമേരിക്കയിലെ കാമ്പസുകളിലെ പ്രതിഷേധത്തിന് പ്രധാനമായും നേതൃത്വം നൽകുന്നത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീനിന്റെ പ്രസിഡണ്ടായ നിദാ ലാഫിയ, യാലീസ് ഫോർ ഫലസ്തീൻ എന്ന ഗ്രൂപ്പിന്റെ നേതാവായ ക്രെയ്ഗ് ബിർക്ക്ഹെഡ് മോർട്ടൻ, ബെർക്ക്ലി ലോ സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീന്റെ കോ-പ്രസിഡണ്ടായ മലക് അഫാൻ. മൂവർക്കും സോറോസുമായി ബന്ധമുള്ള ഗ്രൂപ്പുകളാണ് പണം നൽകിയതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ജോർജ് സോറോസ് ധനസഹായം നൽകുന്നുവെന്ന വാർത്ത തികച്ചും തെറ്റാണെന്ന് ദെ വാഷിങ്ടൺ ടൈംസിന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ നിഷേധിച്ച് വിദ്യാർഥികളും രംഗത്തുവന്നു. അമേരിക്കയുടെ ധനസഹായത്തോടെയും സൈനിക – രാഷ്ട്രീയ പിന്തുണയോടെയും നടക്കുന്ന വംശഹത്യയുടെ ഇടയിലാണ് നമ്മൾ നിൽക്കുന്നത്. ഇതിനിടയിൽ തങ്ങളുടെ സമരത്തിന് പിന്നിലെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് സ്റ്റുഡന്റ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ പറഞ്ഞു.
ഇതുവരെ കലാപത്തിൽ 700ലധികം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്.