അഫ്ഗാൻ ഇനി താലിബാൻ ഭരിക്കും; ഗനി രാജ്യംവിട്ടു
കാബൂൾ: അഫ്ഗാനിസ്താൻ ഇനി താലിബാൻ ഭരിക്കും. അധികാരം പൂർണമായും പിടിച്ചെടുത്തതായും രാജ്യം ഇനി ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താൻ എന്നറിയപ്പെടുമെന്നും താലിബാൻ അവകാശപ്പെട്ടു. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്ന് ഉടനുണ്ടാകുമെന്ന് ഞായറാഴ്ച താലിബാനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് നിലവിലെ പേര്. താലിബാൻ കമാൻഡർ മുല്ല അബ്ദുൾഗനി ബറാദർ പുതിയ പ്രസിഡന്റാവും. ഇതോടെ രണ്ടുപതിറ്റാണ്ടിനുശേഷം അഫ്ഗാനിസ്താന്റെ ഭരണം വീണ്ടും താലിബാന്റെ കൈകളിലെത്തി.
നിലവിലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിട്ടു. താജിക്കിസ്താനിലേക്കാണ് അദ്ദേഹം പോയത്. സുരക്ഷാകാരണങ്ങൾ പരിഗണിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച തലസ്ഥാനമായ കാബൂൾ വളഞ്ഞ് സമാധാനപരമായ അധികാരക്കൈമാറ്റത്തിന് ജനകീയസർക്കാരിനുമേൽ താലിബാൻ സമ്മർദം ചെലുത്തുകയായിരുന്നു.
ഇതോടെ അഫ്ഗാനിലെ ജനങ്ങളിൽ പരിഭ്രാന്തി പരന്നിട്ടുണ്ട്. കാബൂൾ വിമാനത്താവളം വഴിയുള്ള സർവീസുകൾ നിർത്തി. വിമാനത്താവളത്തിൽ നേരത്തേ വെടിവെപ്പുണ്ടായതായി അഫ്ഗാനിലെ യു.എസ്. കാര്യാലയം അറിയിച്ചു. യു.എസും കാനഡയുമടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ നയതന്ത്രപ്രതിനിധികളെ ഹെലികോപ്റ്റർ മാർഗം ഒഴിപ്പിച്ചു.
1996-ലാണ് മുല്ല ഒമറിന്റെ നേതൃത്വത്തിൽനടന്ന അപ്രതീക്ഷിത ആക്രമണത്തിലൂടെ താലിബാൻ അഫ്ഗാൻറെ അധികാരം പിടിച്ചത്. അഞ്ചുകൊല്ലം ഭരിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീകളുടെ അവകാശങ്ങളും നിഷേധിച്ച താലിബാൻ, തീവ്ര ശരിയത്ത് നിയമമാണ് രാജ്യത്ത് നടപ്പാക്കിയിരുന്നത്. തുടർന്ന്, 2001-ൽ യു.എസ്. സഖ്യസേനയുടെ സഹായത്തോടെ താലിബാനെ അധികാരത്തിൽനിന്ന് പുറത്താക്കി. പിന്നീട് സംഘടന ഒട്ടേറെത്തവണ ഒളിയാക്രമണങ്ങൾ നടത്തി. ഏപ്രിലിൽ യു.എസ്. സേന പൂർണമായും അഫ്ഗാൻ വിടുമെന്ന പ്രഖ്യാപനം വന്നതോടെ വീണ്ടും താലിബാൻ ശക്തിപ്രാപിച്ചു. മാസങ്ങൾകൊണ്ട് പ്രധാന നഗരങ്ങളും പ്രവിശ്യകളും പിടിച്ചു.
അഫ്ഗാൻ എം.പി.മാരും ഉദ്യോഗസ്ഥരും ഇന്ത്യയിൽ
ഏതാനും അഫ്ഗാൻ എം.പി.മാരും സർക്കാർ ഉദ്യോഗസ്ഥരും ഡൽഹിയിൽ അഭയംതേടിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പുനൽകി.
