Ultimate magazine theme for WordPress.

കന്യാസ്ത്രീ പാറമടയിൽ മരിച്ച നിലയിൽ

കൊച്ചി: കന്യാസ്ത്രീയെ കോൺവെന്റിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പാറമടയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ കാക്കനാ‌ട് വാഴക്കാലയിലെ ഡോട്ടേഴ്സ് ഒഫ് സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയും ഇടുക്കി കീരിത്തോട് സ്വദേശിനിയുമായ സിസ്റ്റർ ജെസീന തോമസ് (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 ന് ശേഷം മഠത്തിൽ നിന്ന് കാണാതായ കന്യാസ്ത്രീയെ വൈകിട്ട് 6 മണിയോടെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇടവക വികാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായി തൃക്കാക്കര പൊലീസ് പറഞ്ഞു. കഴിഞ്ഞ 11 വർഷമായി ഇവർ മാനസികരോഗത്തിന് ചികിത്സ തേടിവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സഭയുടെ കീഴിൽ കണ്ണൂരിലെ മഠത്തിൽ അന്തേവാസിയായിരുന്ന ജെസീന 2018 ഡിസംബറിലാണ് വാഴക്കാലയിൽ എത്തിയത്. ഇന്നലെ രാവിലെ പ്രഭാതഭക്ഷണത്തിന് മുൻപ് മറ്റ് കന്യാസ്ത്രീകൾ പ്രാർത്ഥനയ്ക്ക് വിളിച്ചപ്പോൾ ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ജെസീന വിട്ടുനിന്നു.

പിന്നീട് ഉച്ചഭക്ഷണത്തിന് കാണാതായപ്പോഴാണ് തിരയാൻ തുടങ്ങിയതെന്നാണ് കോൺവെന്റ് അധികൃതർ പൊലീസിന് നൽകിയ വിവരം. കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നവരെ ഇവരെ കാണാതായ വിവരം പൊലീസിൽ അറിയിച്ചിരുന്നില്ല. വൈകിട്ട് ഇടവക വികാരിയുടെ നേതൃത്വത്തിൽ ചിലർ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മൃതദേഹം കണ്ടുകിട്ടിയെന്ന സന്ദേശവുമെത്തി. മൃതദേഹം കളമശേരിയിലെ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Sharjah city AG