അബുദാബി: റമദാന്‍ ദിനങ്ങളില്‍ തിരക്കുള്ള സമയത്ത് അബുദാബി നഗരത്തിലേക്ക് വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക്. രാവിലെ 8 മുതല്‍ 10 വരെയും വൈകിട്ട് 2 മുതല്‍ 4 വരെയുമാണ് നിരോധനം. ട്രക്ക്, ട്രെയ്‌ലര്‍, അന്‍പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള ബസ് എന്നിവയ്ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും തിരക്ക് നിയന്ത്രിക്കാനും വേണ്ടിയാണ് നിരോധനമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനല്‍ മഹ്‌മൂദ് യൂസഫ് അല്‍ ബലൂഷി അറിയിച്ചു. റമദാനില്‍ തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ പട്രോളിങ് സംഘത്തെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റമദാന്‍ മാസത്തില്‍ ദര്‍ബ് ട്രാഫിക് ടോള്‍ ഈടാക്കുന്ന സമയത്തില്‍ അധികൃതര്‍ മാറ്റംവരുത്തിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ 10 വരെയും ഉച്ച രണ്ടു മുതല്‍ നാലുവരെയുമായിരിക്കും ഫീസ് ഈടാക്കുക. ഞായറാഴ്ച ടോള്‍ നല്‍കേണ്ടതില്ല. എന്നാല്‍ പൊതുപാര്‍ക്കിങ് സേവനങ്ങള്‍ക്ക് റമദാനില്‍ മാറ്റമില്ല. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടുമുതല്‍ അര്‍ധരാത്രി 12 വരെയാണ് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടത്. രാത്രി 12 മുതല്‍ രാവിലെ എട്ട് വരെയും ഞായറാഴ്ച പൂര്‍ണമായും പാര്‍ക്കിങ് സൗജന്യമാണ്.
