ക്രിസ്തുവിന്റെ സന്ദേശവാഹകരായി ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍
സാന്റിയാഗോ:സുവിശേഷത്തിന്റെ സന്ദേശവാഹകരായി യൂണിവേഴ്സിറ്റി ഓഫ് ചിലിയുടെ (യുസി) സാന്‍ ജോവാക്കിന്‍ കാമ്പസില്‍ നിന്നും ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ കര്‍മ്മനിരതരായി രംഗത്ത്. 450-ഓളം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് സംഘത്തില്‍ ഉള്ളത്. ചര്‍ച്ചകളും ആരാധനാ യോഗങ്ങളും സംഘടിപ്പിക്കുന്നതിന് പുറമേ, ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലും, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും, കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇവര്‍ പ്രവർത്തിച്ചുവരുന്നു. ഇതുവരെ ചിലിയിലെ 52 സ്ഥലങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളെ സന്ദര്‍ശിച്ച് കർത്താവിന്റെ വചനം പകർന്നുക്കഴിഞ്ഞു. യുവ സന്നദ്ധ സേവകര്‍ക്ക് പുറമേ, ‘മിഷന്‍ പെയ്സ്’ എന്ന ഗായക സംഘത്തിലെ അംഗങ്ങളും സാന്‍ ജോവാക്കിന്‍ കാമ്പസില്‍ നിന്നും ചേർന്ന് പ്രവർത്തിക്കുന്നു. സംഗീതത്തിലൂടെ ആളുകളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുക എന്നതാണ് അവരുടെ ദൗത്യം.
ഇത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. ഇത്രയും യുവതീയുവാക്കള്‍ ഇതില്‍ പങ്കെടുക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു മിഷന്‍ ഡെ വിദാ പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍മാരായ മരിയ പാസ് അലെസാന്‍ഡ്രിയും, ജുവാന്‍ പാബ്ലോ സായെസും യുവ പ്രേഷിതരെ ഓര്‍മ്മിപ്പിച്ചു. വരും വർഷത്തേക്കുള്ള മിഷൻ ദൗത്യം പതിമടങ്ങ് സജീവമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
