ലണ്ടൻ: ഗർഭഛിദ്ര നിരോധന നിയമ പ്രകാരം സ്ത്രീകളെ ക്രിമിനൽ ശിക്ഷയ്ക്ക് വിധേയരാക്കുന്ന കുറ്റകൃത്യ ബില്ലിൽ ഭേദഗതി വരുത്താൻ ഹൗസ് ഓഫ് കോമൺസിന്റെ അംഗീകാരം. ഇതോടെ ഇംഗ്ലണ്ടിലും വെയിൽസിലും ഗർഭഛിദ്രം ഇനി ക്രിമിനൽ കുറ്റമല്ല.
ഗർഭധാരണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയ
ഭേദഗതി ബ്രിട്ടീഷ് പാർലമെന്റിൽ 137 ന് എതിരെ 379 വോട്ടുകൾക്കാണ് പാസായത്. ഗർഭസ്ഥ ശിശുക്കൾക്ക് നൽകുന്ന സംരക്ഷണം ഇത്മൂലം നഷ്ടപ്പെടുമെന്ന് ബില്ലിനെ എതിർത്തവർ വാദിച്ചു. സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വർധിക്കാൻ ഇത് കാരണമാകുമെന്നും സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ്റെ പബ്ലിക് പോളിസി മാനേജർ അലിത്തിയ വില്യംസ് പറഞ്ഞു.
ജീവനെതിരെ കടുത്ത വെല്ലുവിളികൾ ഉയർത്തുന്ന നിയമഭേദഗതിക്ക് എതിരെ ബിഷപ്സ് കോൺഫറൻസും പ്രോ-ലൈഫ് പ്രവർത്തകരും ആരോഗ്യപ്രവർത്തകരും രംഗത്തെത്തി. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ബിഷപ്സ് കോൺഫറൻസ് ഭേദഗതി പാസായതിൽ ആശങ്കപ്രകടിപ്പിച്ചു. ഈ തീരുമാനം ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണം ഗണ്യമായി കുറയ്ക്കുകയും ഗർഭിണികൾക്ക് ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യുമെന്ന് അവർ ചൂണ്ടിക്കാട്ടി.

Comments are closed.