കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം, നിരവധി പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ ആശങ്കകള്‍ തുടരുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം. 40 പേരോളം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ തന്നെ സ്‌ഫോടനത്തില്‍ ഞെട്ടിയിരിക്കുകയാണ്. സ്‌ഫോടനം നടന്നതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സ്‌ഫോടനം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ചാവേര്‍ ആക്രമണമാണ് നടന്നതെന്നാണ് സൂചന. പരിക്കേറ്റവരില്‍ അഫ്ഗാന്‍ പൗരന്‍മാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നവര്‍ക്കിടയിലാണ് സ്‌ഫോടനം നടന്നത്. ബ്രിട്ടീഷ് നിലയുറപ്പിച്ച ഗേറ്റിന് സമീപമായിരുന്നു ഇത്. ഈ ഗേറ്റ് ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് നേരത്തെ അടച്ചിരുന്നു.
കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനങ്ങളാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത്തെ സ്‌ഫോടനം നടന്ന് നാല്‍പ്പതോാളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളും സ്ത്രീകളും വരെ ഇക്കൂട്ടത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. താലിബാന്‍ പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. സ്‌ഫോടനം നടന്ന കാര്യം താലിബാനും സ്ഥിരീകരിച്ചു. ചാവേര്‍ ആക്രമണമാണ് നടന്നത്. രക്ഷാദൗത്യം തുടരുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. രണ്ടാം സ്‌ഫോടനം നടന്നത് ഹോട്ടലിന് മുന്നിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം കടുത്ത ജാഗ്രതയിലാണ് താലിബാന്‍.അമേരിക്കയില്‍ നിന്ന് ഐസിസ് ഭീകരര്‍ ആക്രമണം നടത്തുമെന്ന ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നുവെന്ന് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് സ്ഥിരീകരിച്ചു. കാബൂള്‍ വിമാനത്താവളത്തിന് സമീപം തന്നെ സ്‌ഫോടനം നടന്നത് താലിബാനെ പോലും അമ്പരിപ്പിക്കുന്നതാണ്. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ തീവ്രവാദ ഗ്രൂപ്പുകളെല്ലാം അഫ്ഗാന്‍ മണ്ണില്‍ ഇടംപിടിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഒരു തീവ്രവാദികളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ആബി ഗേറ്റിന് സമീപമുള്ള ആക്രമണത്തില്‍ ബ്രിട്ടീഷുകാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടാമത്തെ സ്‌ഫോടനം ആബെ ഗേറ്റിന് വളരെ അടുത്തുള്ള ബാരണ്‍ ഹോട്ടലിലാണ് നടന്നത്. ഇക്കാര്യം പെന്റഗണിന്റെ ജോണ്‍ കിര്‍ബി അറിയിച്ചു. അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ഐസിസാണെന്ന് താലിബാനും വ്യക്തമാക്കി. ജോ ബൈഡനെ വിവരം അറിയിച്ചതായി വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. യുഎസ്-താലിബാന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുന്നറിയിപ്പുണ്ടായിട്ടും വിമാനത്താവളത്തിന് സമീപമുള്ള മേഖലയില്‍ വന്‍ ജനത്തിരക്കാണ് ഉള്ളത്. ഇത് മരണസംഖ്യ വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ട്. ഐസിസ് താലിബാന്റെ വലിയ ശത്രുക്കളാണ്. ഇസ്ലാമിക് സ്റ്റേറ്റ് കോറസാന്‍ എന്ന പേരിലാണ് ഇവര്‍ അഫ്ഗാനില്‍ അറിയപ്പെടുന്നത്.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 120ഓളം പേര്‍ക്ക് വരെ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാല്‍പ്പത് പേരോളം മരിച്ചിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. യുഎസ് സൈനികര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് പറയുന്നത്. അഫ്ഗാന്‍ വിടാനുള്ള ശ്രമത്തില്‍ നിരവധി പേര്‍ വിമാനത്താവളത്തിന് പുറത്തുള്ളത് മരണനിരക്ക് കൂടുന്നതിന് പ്രധാന കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ചാവേര്‍ ആക്രമണം വിമാനത്താവളത്തില്‍ നടക്കുമെന്നായിരുന്നു യുഎസ്സിന്റെ മുന്നറിയിപ്പ്. അതേസമയം യുഎസ് എംബസി അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതും വിമാനത്താവളത്തിന്റെ ഗേറ്റ് വഴി പ്രവേശിക്കുന്നതും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
അമേരിക്ക മാത്രമല്ല ഫ്രഞ്ച് സര്‍ക്കാരും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനും അഫ്ഗാനിലെ സ്‌ഫോടനങ്ങളെ തുടര്‍ന്ന് അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ്. ബാരോണ്‍ ഹോട്ടലിന് സമീപം നടന്ന രണ്ടാം സ്‌ഫോടനത്തില്‍ 52 ആളുകള്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഇക്കാര്യം താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. ഈ സ്‌ഫോടനത്തിലും നിരവധി പേര്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ കണക്കുകള്‍ ലഭ്യമായിട്ടില്ല. അതേസമയം നാല് യുഎസ് സൈനികര്‍ കാബൂള്‍ വിമാനത്താവള ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാബൂളിലെ യുഎസ് അംബാസിഡറാണ് ഇക്കാര്യം അവരോട് പറഞ്ഞതെന്നും സ്ഥിരീകരിക്കുന്നുണ്ട്. താലിബാന്‍ ആക്രമണത്തെ അപലപിച്ചിട്ടു. ജനങ്ങളുടെ സംരക്ഷണത്തിനായി എല്ലാ കാര്യവും ചെയ്യുമെന്ന് താലിബാന്‍ പറഞ്ഞു. എല്ലാ തീവ്രവാദ ശക്തികളെയും തുരത്തുമെന്നും അവര്‍ പറഞ്ഞു. അതേസമയം ഇന്ത്യയും കാബൂള്‍ വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്ന് വിശ്വസിക്കുന്നുണ്ട്. അഫ്ഗാന്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗവും നടക്കുന്നുണ്ട്. ഐസിസിന്റെ പ്രാദേശിക സംഘങ്ങളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് യുഎസ്സും കരുതുന്നുണ്ട്. അതേസമയം ഒഴുകിയെത്തുന്ന ജനങ്ങള്‍ക്കിടയില്‍ തീവ്രവാദികളും നുഴഞ്ഞുകയറുന്നുണ്ടെന്ന് യുഎസ് ഭയപ്പെടുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ നിയന്ത്രിക്കാനുമാവില്ല. അത് സുരക്ഷാ വീഴ്ച്ചയ്ക്കുള്ള സാഹചര്യമാണ് ഒരുക്കുന്നത്.അഫ്ഗാന്‍ പൗരന്മാര്‍ അടക്കമുള്ളവരുമായി യാത്ര തിരിച്ച ഇറ്റാലിയന്‍ സൈനിക വാഹനത്തിന് നേരെ താലിബാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് താലിബാന്‍ വ്യക്തമാക്കി. ജനങ്ങളെ മാറ്റാനായി ആകാശത്തേക്ക് വെടിവെച്ചുവെന്നത് സത്യമാണ്. എന്നാല്‍ ടേക് ഓഫ് ചെയ്ത വിമാനത്തിന് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്നും ഇന്റലജിന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ ഇറ്റാലിയന്‍ പ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറഞ്ഞിരുന്നത്. 100 അഫ്ഗാന്‍ പൗരന്മാരുമായി ഇറ്റലിയിലേക്ക് പോയ വിമാനത്തിന് നേരെയായിരുന്നു വെടിയുതിര്‍ത്തത്.
ഇതിനിടെ പാഞ്ച്ഷീറിന്റെ പോരാട്ടത്തെ കൂടുതല്‍ വ്യക്തമാക്കി അഹമ്മദ് മസൂദിന്റെ വക്താവ് രംഗത്ത് വന്നു. താലിബാനുമായി ഇപ്പോഴും യാതൊരു ഒത്തുതീര്‍പ്പും നടത്തിയിട്ടില്ല. ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള സര്‍ക്കാരാണ് താലിബാന്‍ ഉണ്ടാക്കുന്നതെങ്കില്‍ അതിന്റെ ഭാഗമാകാന്‍ താന്‍ തയ്യാറാണെന്ന് അഹമ്മദ് മസൂദ് അറിയിച്ചു. പാഞ്ച്ഷീറിന് വേണ്ടി മാത്രമല്ല ഞങ്ങളുടെ പേരാട്ടം. അഫ്ഗാനിസ്ഥാന് വേണ്ടിയാണെന്നും മസൂദ് വ്യക്തമാക്കി. അഫ്ഗാന്‍ പൗരന്മാരുടെ അവകാശങ്ങളാണ് ഞങ്ങള്‍ക്ക് പ്രധാനം. സ്ത്രീകളും ന്യൂനപക്ഷങ്ങളും അതുപോലെയാണ്. തുല്യതയും അവകാശങ്ങളും താലിബാന്‍ ഉറപ്പ് നല്‍കണമെന്നും മസൂദ് പറഞ്ഞു. അതേസമയം ഇത് താലിബാന്‍ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.
