Ultimate magazine theme for WordPress.

പുതുപ്പള്ളി അച്ചോ, ഇത് കാരയ്ക്കൽ ജോസാണ്…!!

റവ.ജോർജ് മാത്യു പുതുപ്പള്ളി
Writer, Journalist, Preacher

ആസ്‌ട്രേലിയയിലെ സുഖമുള്ള തണുപ്പിൽ ഇന്നലെ രാത്രി ഞാൻ ഉറങ്ങിയത് പാസ്റ്റർ ജോസ് കാരക്കലിന്റെ പ്രസംഗം കേട്ടു കൊണ്ടാണ്. ഇഷ്ടമുള്ള പ്രസംഗകരുടെ പ്രസംഗം കേൾക്കുക എനിക്കും ഇഷ്ടമുള്ള കാര്യമാണ്.

ഇന്നലെ ഞാൻ കൂടുതലും ചിന്തിച്ചത് പാസ്റ്റർ ജോസ് കാരയ്ക്കലിനെക്കുറിച്ചായിരുന്നു. അദ്ദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഇന്നെന്നപോലെ ഞാൻ ഓർക്കുന്നു. എന്റെ മൂത്ത സഹോദരി അമ്മിണിയും മകൾ ഡോ. റീനയും കുടുംബവും ആലുവ ടിപിഎം സഭാവിശ്വാസികളാണ്. അവരുടെ പാസ്റ്ററായിരുന്നു അദ്ദേഹം.

ഒരു ദിവസം ജോസ് പാസ്റ്റർ എന്റെ സഹോദരിയോടു ചോദിച്ചു : ‘പുതുപ്പള്ളി അച്ചനെ ഒന്നു കാണാനും പരിചയപ്പെടാനും എനിക്ക് ആഗ്രഹമുണ്ട്. ഒരു അവസരം ഉണ്ടാക്കിത്തരാമോ ?’ പെങ്ങൾ എന്നോട് വിവരം പറഞ്ഞു. ഏറെ സന്തോഷത്തോടെ ഞാൻ അദ്ദേഹത്തെ എന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്തു.

പവർ വിഷൻ ടിവിയിൽ എന്റെ പ്രോഗ്രാം തുടങ്ങുന്ന ദിവസമാണ് അദ്ദേഹം എന്റെ വീട്ടിലെത്തിയത്. അദ്ദേഹം ടിവി കാണാത്ത വ്യക്തിയായിരുന്നെങ്കിലും എന്റെ പ്രോഗ്രാം അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. ആ പ്രോഗ്രാം മുഴുവൻ കണ്ടു.

പത്തു വർഷത്തിലേറെ പവർ വിഷൻ ടിവി യിൽ ആ പ്രോഗ്രാം തുടരുവാൻ എനിക്ക് ഭാഗ്യമുണ്ടായി. പിന്നീട് കോവിഡ് വന്നപ്പോൾ ഞാൻ തന്നെയാണ് ആ പ്രോഗ്രാമിൽനിന്നും സ്വയം പിന്മാറിയത്.

പിന്നീട് ഞങ്ങളുടെ അടുപ്പം ഒരു ആത്മബന്ധമായി രൂപം പ്രാപിക്കുകയായിരുന്നു. വ്യത്യസ്ത സഭാവിശ്വാസങ്ങളൊന്നും ആ ആത്മീയ ബന്ധത്തിനു അൽപവും പോറൽ സൃഷ്ടിച്ചില്ല.

യേശുകർത്താവിനെ രക്ഷിതാവായി സീകരിച്ച എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന, അൽപവും സഭാസ്പിരിറ്റും സഭാരാഷ്ട്രീയവും ഇല്ലാത്ത ഒരു സുവിശേഷകനാണ് എക്കാലവും ഞാൻ. അദ്ദേഹത്തിന്റെ സഭയിൽപോലും എനിക്ക് പ്രസംഗിക്കാൻ അവസരം തന്നിട്ടുണ്ട്.

തികഞ്ഞ പ്രാർത്ഥനാമനുഷ്യനും ഭക്തനുമായിരുന്ന അദ്ദേഹത്തിന്റെ പ്രാർത്ഥന എനിക്കും എന്റെ കുടുംബത്തിനും ഏറെ അനുഗ്രഹകരമായി മാറിയിട്ടുണ്ട്. എന്റെ മക്കളുടെ പഠനം, വിവാഹം, ജോലി തുടങ്ങിയ കാര്യങ്ങളിലൊക്കെ ആ ദൈവദാസന്റെ പ്രാർത്ഥന ഞങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ട്.

ടിപിഎം സഭയിലെ അതിശക്തനായ സുവിശേഷപ്രസംഗകനായിരുന്നു പാസ്റ്റർ ജോസ് കാരയ്ക്കൽ. ഗഹനമായ ആത്മീയ സത്യങ്ങൾ ആത്മാവിൽ പ്രസ്താവിക്കുവാൻ വിശുദ്ധ പൗലൊസിനെപ്പോലെ അഭിഷേകം അദ്ദേഹം പ്രാപിച്ചിരുന്നു.

മരണത്തെ അദ്ദേഹം തെല്ലും ഭയപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ പ്രത്യേകതകളിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തിയതും ആകർഷിച്ചതുമായ ഒരു വസ്തുത അതായിരുന്നു.

പ്രതീക്ഷിച്ച മരണം ഒരിക്കൽ പിടിവിട്ടു പോയപ്പോൾ അതോർത്തു ദു:ഖിച്ച ഏതെങ്കിലും ഒരു ദൈവപുരുഷനെ ഞാൻ എന്റെ ജീവിതത്തിൽ എന്നെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് പാസ്റ്റർ ജോസ് കാരയ്ക്കൽ മാത്രമാണ്.

ഒരിക്കൽ ഞാൻ അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹത്തിന്റെ മുഖവും ദേഹവും നീരുവന്ന് വീർത്തിരിക്കുന്നു. വേദനയോടെ ഞാൻ ചോദിച്ചു : ‘പാസ്റ്റർക്ക് ഏതെങ്കിലും അസുഖമുണ്ടോ ?’

പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു : ‘ഞാൻ നോക്കിയിട്ടില്ല അച്ചോ. ഒരു വിക്സ് പോലും ഇന്നുവരെ മണത്തിട്ടില്ല. യേശുകർത്താവല്ലേ അത്ഭുതരോഗ സൗഖ്യത്തിന്റെ ഉറവിടം. അവിടുത്തെ ഇഷ്ടംമാത്രം എന്റെ ജീവിതത്തിൽ നിറവേറട്ടെ.’

‘പിന്നെ, പുഴു തിന്നാനുള്ളതല്ലേ അച്ചോ, ഈ ശരീരം? അത് അല്പം നീരുവന്ന് വീർത്താൽ പുഴുക്കൾക്ക് ഇഷ്ടംപോലെ മാംസവും വെള്ളവുമൊക്കെ തിന്നുകുടിച്ചു വയർ നിറയ്ക്കാമല്ലോ?’ അതു പറഞ്ഞ് ജോസ് പാസ്റ്റർ പൊട്ടിച്ചിരിക്കുമ്പോൾ ഞാൻ ഉള്ളിൽ കരയുകയായിരുന്നു.

മരിക്കുന്നതിന്റെ ചില ദിവസങ്ങൾക്കു മുമ്പും ഞാനും സാലിയും അദ്ദേഹത്തെ കോഴഞ്ചേരി ടിപിഎം സഭയിൽ ചെന്നു കണ്ടു. രോഗം കഠിനപ്പെട്ട് അദ്ദേഹം ഉറങ്ങുകയാണെന്ന് ഒരു ബ്രദർ പറഞ്ഞു.

ഞാൻ കാർ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ പിന്നിൽ ഒരു ശബ്ദം : ‘പുതുപ്പള്ളി അച്ചോ, വന്നാട്ടെ. ഞാൻ ഉറങ്ങിയില്ലായിരുന്നു.’ എന്റെ മക്കളെക്കുറിച്ചൊക്കെ അദ്ദേഹം വായ് തോരാതെ സംസാരിച്ചു. അവരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിച്ചു.

പോരാൻ നേരം ചിരിച്ചുകൊണ്ട് പറഞ്ഞു : ‘ഇനിയും നമുക്ക് നേരിൽ കാണാൻ പറ്റിയില്ലെങ്കിൽ സ്വർഗത്തിൽ വച്ചു കാണാം.’

കാർ ഓടിക്കുമ്പോൾ ഞാൻ . സാലിയോട് പറഞ്ഞു : ‘ഇല്ല, ഇനി നമ്മൾ ജോസ് പാസ്റ്ററെ ജീവനോടെ ഈ ഭൂമിയിൽ വച്ച് കാണില്ല.’ അതു പറയുമ്പോൾ ഞാൻ വിങ്ങിപ്പൊട്ടുകയായിരുന്നു.

ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ മൊബൈൽ ചിലച്ചു. അപ്പോൾ ഞാൻ കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ സെക്കുലർ പത്രപ്രവർത്തകരുടെ മീറ്റിംഗിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. ഞാൻ പ്രതീക്ഷിച്ചതു പോലെ അതിലെ സന്ദേശം ജോസ് പാസ്റ്ററുടെ വിയോഗ വാർത്തയായിരുന്നു.

മാസത്തിൽ ഒരിക്കൽ ഞാൻ ലോകത്തിൽ എവിടെയാണെങ്കിലും വന്നിരുന്ന ഒരു ഫോൺ സന്ദേശമുണ്ട് : ‘പുതുപ്പള്ളി അച്ചോ, ഇത് കാരയ്ക്കൽ ജോസാണ്.’ ആ ഫോൺ വിളി എന്നന്നേക്കുമായി നിലച്ചു.

മരണത്തെ തെല്ലും ഭയമില്ലാതിരുന്ന ആ ക്രിസ്തു ശിഷ്യൻ ഇന്നും തന്റെ പ്രസംഗങ്ങളിലൂടെ അനേകരെ മഹാദൈവമായ യേശുകർത്താവിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നു. അതിലൊരു പ്രസംഗമാണ് ഇന്നലെ രാത്രിയിൽ ഞാൻ കേട്ടതും ഈ കുറിപ്പ് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചതും.

Sharjah city AG

Comments are closed.