പ്രഫ. എം വൈ യോഹന്നാൻ : ഓർമ്മകൾ
ബ്ലസിൻ ജോൺ മലയിൽ
പ്രസിദ്ധ സുവിശേഷ പ്രഭാഷകൻ എം വൈ യോഹന്നാൻ നിത്യതയിൽ പ്രവേശിച്ച വാർത്തയാണല്ലോ ഇപ്പോൾ നമ്മെ തേടിയെത്തിയിരിക്കുന്നത്. സാറിന്റെ വിയോഗത്തിൽ ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ ദൈവം ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
യോഹന്നാൻ സാറിനെ ഞാൻ ആദ്യം കാണുന്നത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡൽഹിയിൽ താമസിക്കുമ്പോഴാണ് . അക്കാലത്ത് വത്സൻ തമ്പു അച്ചന്റെ ചുമതലയിലുള്ള TRACI യിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു ഞാൻ. ഗ്രേറ്റർ കൈലാഷിലെ ആ ഓഫിസിൽ താമസിച്ചു കൊണ്ടിരുന്ന ഷാജി എന്നയാളാകട്ടെ, യോഹന്നാൻ സാറിന്റെ കടുത്ത ആരാധകനും!
അങ്ങനെയിരിക്കെ ഒരിക്കൽ
യോഹന്നാൻ സാർ ഡൽഹിയിൽ വന്നപ്പോൾ ഷാജിയുടെ നിർബന്ധ പ്രകാരം അദ്ദേഹത്തെ പോയി കണ്ട് ഒരു മണിക്കൂറിലേറെ സംസാരിച്ചതായാണ് ഓർമ്മ ! അന്ന് അദ്ദേഹം കുട്ടിക്കാലത്തെ കുറിച്ചും പിതാവിന്റെ വിയോഗത്തെ കുറിച്ചും പഠന കാലത്തെ കുറിച്ചും സുവിശേഷ | പ്രവർത്തനങ്ങളെ കുറിച്ചുമെല്ലാം സവിസ്തരം സംസാരിച്ചു. ആ അടുപ്പം കാലങ്ങളോളം സൂക്ഷിച്ചു. ചിലപ്പോഴൊക്കെ കത്തിടപാടുകളും നടത്തി.
നാളുകൾക്ക് ശേഷം വീണ്ടും യോഹന്നാൻ സാറിനെ കാണുന്നത് അദ്ദേഹത്തിന്റെ നാട്ടിലെ വീട്ടിൽ വെച്ചാണ് ! പവർ വിഷനിൽ ചെയ്തു കൊണ്ടിരുന്ന മോണിംഗ് പ്രോഗ്രാമിനു വേണ്ടി ചില പ്രസംഗങ്ങൾ റെക്കാർഡ് ചെയ്യാമെന്ന എന്റെ താൽപര്യമാണ് അതിന് വഴിതെളിച്ചത്. തീർത്തും അങ്ങേയറ്റത്തെ ആതിഥ്യമര്യാദയോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്!
പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ടായി.അക്കാലത്ത് വിഡിയോ കാമറയിൽ ഉപയോഗിക്കുന്നത് ഓഫിസിൽ നിന്നും ലഭിക്കുന്ന ഡിവിഡി ടേപ്പുകളാണ്. അതാകട്ടെ വർഷങ്ങളോളം ആവർത്തിച്ച് ഉപയോഗിക്കുകയായിരുന്നു പതിവ്. എന്നാൽ അതിന് വിപരിതമായി ഇക്കുറി പുതിയ ടേപ്പുകളാണ് ലൈബ്രറിയിൽ നിന്നും ഉപയോഗിക്കാനായി കിട്ടിയത്. ഏത് ടേപ്പ് ലഭിച്ചാലും കാമറയിലിട്ട് അൽപമൊന്ന് റെക്കാർഡ് ചെയ്തതിന് ശേഷം ശരിയായി പ്രോഗ്രാം പകർത്തപ്പെടുന്നുണ്ടോ എന്നറിയാൻ ഒന്നു ചെക്ക് ചെയ്യാറുണ്ട്! ഇക്കുറിയും അതാവർത്തിച്ചു. ടേപ്പിന് കുഴപ്പമൊന്നും ഇല്ലെന്ന് കണ്ടതോടെ ഷൂട്ടിംഗ് തുടർന്നു
ഒരു ദിവസം കൊണ്ട് പതിനഞ്ച് പ്രസംഗങ്ങൾ ഷൂട്ട് ചെയ്ത് തിരിച്ച് ഓഫിസിലെത്തി. ദിവസങ്ങൾക്ക് ശേഷം പ്രോഗ്രാം എഡിറ്റിംഗിന് എടുത്തപ്പോഴാണ് പ്രശ്നം! ചില പ്രസംഗങ്ങളുടെ ചില ഭാഗങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതു പോലെ പിക്സലായി നഷ്ടപ്പെട്ടിരിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകെച്ചു നിന്നു. എങ്കിലും വിഷയം അദ്ദേഹത്തോട് അറിയിച്ചു. വീണ്ടും വന്ന് റെക്കാർഡ് ചെയ്യാൻ തയ്യാറാണെന്നും അറിയിച്ചു. പക്ഷേ അതിന് അദ്ദേഹം തയ്യാറായില്ല. പകരം സമയവും അധ്വാനവുമെല്ലാം നഷ്ടപ്പെട്ടതിലുള്ള വേദന മാത്രം പങ്കു വെച്ചു കൊണ്ടേയിരുന്നു – അന്നു മാത്രമല്ല നാളുകളോളം!
വീണ്ടും ചില വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം പവർ വിഷൻ ടി വി യുടെ ചുമതലക്കാരിൽ ഒരാളായി മാറിയത്.
