ഗാസ മുനമ്പിലെ ഉപരോധത്തിന് അയവുവരുത്താന്‍ ഇസ്രായേല്‍
ജറുസലം: ഗാസ മുനമ്പിലെ ഉപരോധത്തിന് അയവുവരുത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്കി ഇസ്രായേല്‍ സര്‍ക്കാര്‍. മുനമ്പിലെ പുനര്‍നിര്‍മാണത്തിന് ആവശ്യമായ സാധന, സാമഗ്രികള്‍ എത്തിക്കുന്നതിന് അനുമതി നല്‍കിയത് പിന്നാലെയാണ് ഉപരോധം ലഘൂകരിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മേയിലെ ആക്രമണത്തിലൂടെ ഇസ്രായേല്‍ തകര്‍ത്ത ഗാസയുടെ പുനര്‍നിര്‍മാണത്തിനാണ് സാധന സാമഗ്രികള്‍ എത്തിക്കുന്നത്. കൂടാതെ, മത്സ്യബന്ധനം വിപുലീകരിക്കാനും കെരം-ഷാലോം റോഡ് തുറക്കാനുമുള്ള തീരുമാനത്തിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
മേഖലയിലേക്ക് ജലവിതരണം വര്‍ധിപ്പിക്കാനും ഗാസയില്‍ നിന്നുള്ള കച്ചവടക്കാര്‍ക്ക് ഇസ്രായേലില്‍ പ്രവേശിക്കാനും ബെനറ്റ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2007-ലെ ഫലസ്തീന് തെരഞ്ഞെടുപ്പില്‍ ഹമാസ് ഭരണം പിടിച്ചതിന് പിന്നാലെയാണ് ഗാസ മുനമ്പില്‍ ഇസ്രായേലും ഈജിപ്തും ഉപരോധം ഏര്‍പ്പെടുത്തിയത്. മുനമ്പിലേക്കും പുറത്തേക്കും ജനങ്ങളുടെയും ചരക്കുകളുടെയും സഞ്ചാരം വിലക്കിയത് ഗാസയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തു. മേയില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ ഗാസക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
