സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടും. ജൂണ്‍ ഒമ്പത് വരെ നീട്ടാനാണ് ആലോചന. ഇളവുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും വിദഗ്ധ സമിതി അടക്കമുള്ളവര്‍ നല്കിയ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. ജനജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും ഇന്ന് ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ധാരണയായെന്നാണ് വിവരം.
കഴിഞ്ഞ ഒമ്പതിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പും പൊലീസും എല്ലാം ഉന്നത തലയോഗത്തില്‍ എടുത്ത നിലപാട്. കയര്‍ കശുവണ്ടി അടക്കം ചെറുകിട വ്യാവസായിക മേഖലക്ക് ഇളവുകള്‍ അനുവദിച്ചേക്കും. പകുതി ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കുക. അതേ സമയം മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. നിയന്ത്രണങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
