ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം
ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ കായംകുളത്തുണ്ടായ വാഹനാപകടത്തിൽ നാല് മരണം. കായംകുളം കരീലക്കുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടസമയത്ത് കാറിൽ ആറുപേരാണ് ഉണ്ടായിരുന്നത്.ദേശീയപാതയിൽ കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷന് മുന്നിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ മൂന്ന് പേര്‍ തൽക്ഷണം മരിച്ചു. മറ്റൊരാള്‍ വണ്ടാനം ആശുപത്രിയിലേക്ക് മാറ്റുന്ന വഴിക്കാണ് മരിച്ചത്.കായംകുളം സ്വദേശികളായ ഐഷ ഫാത്തിമ (25), ഉണ്ണിക്കുട്ടൻ (20), റിയാസ് (27), ബിലാൽ (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അജ്മി (23) അൻഷാദ് (27) എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ നല്ല മഴയുണ്ടായിരുന്ന സമയത്താണ് ഈ അപകടമുണ്ടായത്. പോലീസുകാര്‍ തന്നെയാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്.കായംകുളത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാര്‍ എതിര്‍ദിശയിൽ നിന്നും എത്തിയ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗത്തിൽ എത്തിയ കാര്‍ ലോറിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.ഇടിയുടെ ആഘാതത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
