Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ” പ്രാർത്ഥനാ സംഗംമം ആറാം വർഷത്തിലേക്ക്

”യേശുവിൻ തൃപ്പാദത്തിൽ” പ്രാർത്ഥനാ സംഗംമം ആറാം വർഷത്തിലേക്ക്” മനുഷ്യ വർഗ്ഗത്തിന് ദൈവം നൽകിയ ഏറ്റവും മഹത്തായ ഉപഹാരമാണല്ലോ ദൈവ വചനം. കഴിഞ്ഞ ഏകദേശം 2025 വർഷങ്ങളോളം ഈ വിശാല ഭൂഗോളത്തിന്റെ പരപ്പിലുടനീളം, വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലും ജീവൻ നൽകുകയും സ്വതന്ത്രമാക്കുകയും ബന്ധനങ്ങളുടെ ചങ്ങലകൾ തകർക്കുകയും പാപത്തിന്റെ തടവറകളിൽ നിന്ന് മനുഷ്യ ജീവിതങ്ങളെ മോചിപ്പിക്കുകയും ആന്തരികവും ശാരീരികവുമായ സൗഖ്യം പകരുകയും ആത്യന്തികമായി നിത്യജീവനിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ദൈവ വചനം നിലയ്ക്കാതെ പ്രഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എവിടെയൊക്കെ, എപ്പോഴൊക്കെ പ്രസംഗിക്കപ്പെടുന്നുവോ അവിടെയെല്ലാം പുതിയ വെളിപ്പാടുകൾ പകരപ്പെടുന്നു.

ഈ ഭൂമുഖത്തെ ഏറ്റവും മഹനീയമായ ശുശ്രൂഷയായ സുവിശേഷ പ്രഘോഷണവും വ്യക്തിഗതവും പൊതുവുമായ പ്രാർത്ഥനാ വിഷയങ്ങൾ സ്വർഗ്ഗീയ സന്നിധിയിൽ സമർപ്പിച്ചു കൊണ്ടുളള മദ്ധ്യസ്ഥ പ്രാർത്ഥനയും ഓൺലൈൻ മാദ്ധ്യമത്തിലൂടെ നിർവ്വഹിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” എന്ന കൂട്ടായ്മ ഇതാ 5 വർഷങ്ങൾ പിന്നിടുന്നു! അനുദിനം നൂതന മാറ്റങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ലോകത്തെ കടിഞ്ഞാണിട്ട് നിശ്ചലമാക്കി നിർത്തി, ലോക നഗരങ്ങളെ ആക്ഷരികമായി ശൂന്യമാക്കിക്കളഞ്ഞ, നഗ്ന നേത്രങ്ങൾക്ക് അദൃശ്യമായ കൊറോണാ വൈറസ് അവിശ്വസനീയവും നടുക്കുന്നതുമായ ഒരു വ്യാപ്തിയിൽ മഹാമാരിയുടെ വിത്തുകൾ വാരിയെറിഞ്ഞപ്പോൾ, കോടിക്കണക്കിന് ജീവിതങ്ങൾ ഈ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റപ്പെട്ടു. പ്രാണവായുവിന് വേണ്ടി പിടഞ്ഞു കൊണ്ട് തെരുവുകളിലും ആശുപത്രിക്കിടക്കയിലും ലക്ഷക്കണക്കിന് വ്യക്തികൾ മരണത്തിന് കീഴടങ്ങി. ലോകജനതയെ ഭയവും നിസ്സഹായതയും സംഭ്രമവും പരിഭ്രാന്തിയുമെല്ലാം വിഴുങ്ങി. മനുഷ്യർ ആശാ ഹീനരായി! പൊതു സ്ഥലങ്ങളിലെ ആരാധനകൾ നിലച്ചു. എന്നാൽ, സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായ കർത്താവ് വിശ്വാസ ഗോളത്തിൽ അതേ വരെ ആരും ചിന്തിക്കാത്ത വാതിലുകൾ തുറന്നു. ലോകത്തിന്റെ ഏത് കോണിലിരുന്നും പരസ്പരം മുഖത്തോട് മുഖം നോക്കി സംസാരിക്കുകയും പ്രാർത്ഥിക്കുകയും വചനം ശ്രവിക്കുകയും ചെയ്യാവുന്ന ഒരു മാദ്ധ്യമം തുറന്നു നൽകി. അങ്ങനെ സഭാരാധനകളും പ്രാർത്ഥനാ കൂട്ടായ്മകളും ഓൺലൈനിലേക്ക് ചുവടു മാറ്റം നടത്തിയ ഇതേ കാലയളവിലാണ് ഗൾഫ് മേഖലയിലെ രാജ്യങ്ങളിലൊന്നിൽ ജോലിയൊടാപ്പം തന്നെ ദൈവ രാജ്യത്തിനായി അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരുന്ന ഏതാനും യുവസഹോദരങ്ങളുടെ ഹൃദയത്തിൽ മലയാളികൾക്കായി ഒരു ഓൺലൈൻ കൂട്ടായ്മ എന്ന ദർശനത്തന്റെ തീ പകർന്നത്. ഏതെങ്കിലുമൊരു സഭാ വിഭാഗത്തിന്റെയോ സഭാ സംഘടനയുടെയോ പിന്തുണയോ മേൽവിലാസമോ ഇല്ലാതെ, അതിരുകളില്ലാത്ത ഏക ദൈവസഭയുടെ, അതിരുകളില്ലാത്ത ക്രിസ്തു സ്നേഹം പകരുന്നതിനായി ഒരു പ്രാർത്ഥനാ കൂട്ടായ്മ മാസത്തിലൊരിക്കലായി നടത്തുകയെന്നതായിരുന്നു അവർക്ക് ലഭിച്ച ദർശനം. പാരമ്പര്യ വിശ്വാസങ്ങളിൽ കുടുങ്ങി അസത്യത്തെ സത്യമായി വിശ്വസിച്ച് നിത്യ ജീവൻ നഷ്ടപ്പെടുത്തുന്ന വ്യക്തി ജീവിതങ്ങളിലേക്ക് ഏക സത്യമായ യേശുക്രിസ്തുവിന്റെ സ്നേഹവും വിടുതലും സൗഖ്യവും പകരുകയെന്നതായിരുന്നു ഈ കൂട്ടായ്മയുടെ മുഖ്യ ലക്ഷ്യം.

21 ജൂലൈ 2021-ന് തുടക്കം കുറിച്ച ”യേശുവിൻ തൃപ്പാദത്തിൽ” ആത്മീയ കൂട്ടായ്മ എല്ലാ മാസത്തിലും ഒരിക്കലായി നടത്തപ്പെടുന്നു. പിന്നിട്ട വഴികളിൽ, നൂറു കണക്കിന് വ്യക്തികൾക്ക് ആത്മീകാനുഗ്രഹങ്ങൾ പകരുന്നതിനായി കർത്താവ് ഈ കൂട്ടായ്മയെ ഉപയോഗിച്ചു. ചുറ്റിലും ദുരുപദേശങ്ങൾ മലവെളളം പോലെ കുത്തിയൊലിച്ചു കൊണ്ടിരിക്കുന്ന ഈ കാലയളവിൽ, മായമില്ലാത്ത ദൈവ വചനവും സുവിശേഷവും പ്രഘോഷിക്കുന്നതിനായി ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇൻഡ്യയ്ക്കുളളിലും ഇൻഡ്യയ്ക്ക് പുറത്തും കർത്താവിന്റെ മുന്തിരി വയലുകളിൽ വിവിധ നിലകളിലുളള ശുശ്രൂഷകൾ നീർവ്വഹിക്കുന്ന, ഒട്ടനവധി ദൈവ ഭൃത്യർ അവരുടെ സമയം നീക്കി വെച്ചു. ആ വചനങ്ങളിലൂടെയും പ്രാർത്ഥനാ സമയങ്ങളിലൂടെയും നിരവധി പേർ യേശുകർത്താവിന്റെ സൗഖ്യ കരം തൊട്ടറിഞ്ഞു. നിരാശയിലും തീവ്ര ദു:ഖത്തിലും വീണു പോയ ചില ഹൃദയങ്ങളിൽ യേശുകർത്താവ് ആശ്വാസവും ഉറപ്പും പകർന്നു. എല്ലാറ്റിനുമുപരിയായി, ജീവൻ നൽകുന്ന ദൈവ വചനം പല വ്യക്തികളേയും വിശ്വാസ ജീവിതത്തിൽ ശക്തിപ്പെടുത്തി. എല്ലാ പ്രതിമാസ കൂട്ടായ്മകളിലും അനുഗ്രഹകരമായ ആരാധനയുടെ വേളയൊരുക്കുന്നതിനായി ആരാധനയുടെ അഭിഷേകമുളള സഹോദരൻമാർ നേതൃത്വം നൽകുന്നു. ആത്മീയ കൂട്ടായ്മയുടെ ചില പ്രത്യേക മീറ്റിംഗുകൾ, ഇനിയും സുവിശേഷം കേൾക്കാത്ത കോടിക്കണക്കിന് ആത്മാക്കൾക്കായി ഒരു ആത്മഭാരം നിറയ്ക്കുന്നതിനായി ”മിഷൻ ചലഞ്ച്’ ആയി വേർ തിരിക്കപ്പെട്ടിട്ടുണ്ട്. സുവിശേഷീകരണത്തിനായുളള കർത്താവിന്റെ ശബ്ദത്തിന് പൂർണ്ണ വിധേയത്വത്തോടെ ചെവി കൊടുത്തിട്ടുളള നിരവധി സുവിശേഷകർ ഈ പ്രത്യേക മീറ്റിംഗുകളിൽ അവരുടെ അഗ്‌നി സമാനമായ അനുഭവങ്ങളും ദർശനവും പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു വിധത്തിലുമുളള സംഭാവനകളോ സാമ്പത്തിക സഹായങ്ങളോ ഇല്ലാതെ, നീണ്ടയൊരു കാലയളവിലുടനീളം തടസ്സം കൂടാതെ ഈ പ്രതിമാസ കൂട്ടായ്മയെ കർത്താവ് തന്നെ കരം പിടിച്ചു നടത്തിയത് അത്ഭുതകരമായ ഒരു സാക്ഷ്യം തന്നെയാണ്.

എല്ലാ മാസത്തെയും രണ്ടാം ശനിയാഴ്ചകളിൽ ഇൻഡ്യൻ സമയം വൈകുന്നേരം 7.30 മണിക്ക് ഈ ഓൺലൈൻ കൂട്ടായ്മ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു. കൂട്ടായ്മയുടെ വിജയകരമായ പ്രവർത്തനങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹോദരങ്ങൾ ഒരുമിച്ചുള്ള ഒരു അഡ്മിൻ ടീം പ്രവർത്തിച്ചുവരുന്നു. ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” അറുപതാമത്‌ പ്രാർത്ഥനാ സംഗമവും അഞ്ചാമത് വാർഷികവും ജൂൺ 20 ന് ശനിയാഴ്ച രാത്രി 7.00ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും. പാസ്റ്റർ.ജോർജ് കുരുവിള, ചെങ്ങന്നൂർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ.ജേക്കബ് ടി. പോൾ , അടൂർ മുഖ്യ സന്ദേശം നല്കും.. കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവൽ മസ്കറ്റ് & Team നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. ID : 828 3015 0680 Password :amen

Sharjah city AG

Comments are closed.