ജോർജ് മാത്യു പുതുപ്പള്ളി
(Sydney, Australia)
_ആസ്‌ട്രേലിയൻ സീനിയർ മിനിസ്റ്റർ സൈക്കിളിൽ നിന്നിറങ്ങി ഹസ്തദാനം നൽകി ചോദിച്ചു : ‘ഹായ് ജന്റിൽമാൻ, ഹൗ ആർ യൂ ?’ ലാളിത്യം മുഖമുദ്രയാക്കാം_
ഞാൻ വൈദികനായിരുന്ന സമയത്ത് കുറച്ചുനാൾ ഒരു കോളജ് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഞാൻ പഠിപ്പിച്ച എന്റെ ഒരു ഇഷ്ടശിഷ്യന്റെ സഹോദരൻ ആസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ കുടുംബമായി താമസിക്കുന്നുണ്ട്. ഗവൺമെന്റ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ഞാനും സാലിയും ആസ്‌ട്രേലിയയിലെ സിഡ്നിയിൽ എന്റെ മകന്റെ വീട്ടിൽ എത്തിയപ്പോൾ കാൻബറയിൽ ദൈവവചനം പ്രസംഗിക്കാൻ ക്ഷണിക്കപ്പെട്ടു. ഞങ്ങൾ ചെല്ലുന്ന വിവരമറിഞ്ഞ് എന്റെ പൂർവശിഷ്യന്റെ സഹോദരൻ ഞങ്ങളെ അദ്ദേഹത്തിന്റെ ഭവനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിച്ചു.
കോളജിൽ പഠിപ്പിച്ച സമയത്തെ രസകരമായ പല അനുഭവങ്ങളും ഞങ്ങൾ പങ്കുവച്ചു.
അദ്ദേഹത്തിനുണ്ടായ ഒരു അനുഭവം എന്നെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. പാർലമെന്റ് മന്ദിരത്തിനു സമീപത്തുകൂടി ഒരു ദിവസം അദ്ദേഹം നടന്നുപോകുമ്പോൾ ആസ്‌ട്രേലിയയിലെ ഒരു സീനിയർ മിനിസ്റ്റർ സൈക്കിളിൽ അതുവഴി വരുന്നു. പ്രഭാതസവാരിക്ക് ഇറങ്ങിയതായിരുന്നു മന്ത്രി. എന്റെ ശിഷ്യന്റെ സഹോദരനെ കണ്ടയുടൻ മന്ത്രി സൈക്കിളിൽ നിന്നിറങ്ങി.
(സ്വകാര്യതയും, ആസ്‌ട്രേലിയൻ നിയമവും മാനിച്ച് സീനിയർ മന്ത്രിയുടെ പേര് ഞാൻ ഇവിടെ വെളിപ്പെടുത്തുന്നില്ല.)
‘ഹായ് ഗുഡ് മോർണിംഗ് ജന്റിൽമാൻ, ഹൗ ആർ യൂ ?’ എന്നു പറഞ്ഞ് സീനിയർ മന്ത്രി അദ്ദേഹത്തിനു കൈകൊടുത്തു. എന്റെ സുഹൃത്തും ഇക്കാര്യം വിശ്വസിക്കുവാൻ കഴിയാതെ കുറെനേരം സ്തംഭിച്ചുനിന്നു. ഈ വിഷയം എന്നോട് പറയുമ്പോഴും അദ്ദേഹത്തിന്റെ മുഖത്തെ അതിശയഭാവം ഞാൻ ശ്രദ്ധിച്ചു. പദവികളിൽ തെല്ലും അഹങ്കരിക്കാത്തവരാണ് വിദേശ രാജ്യങ്ങളിലുള്ള മിക്ക അധികാരികളും.
യേശുക്രിസ്തു പറഞ്ഞു : ‘നിങ്ങളിൽ വലിയവനാകുവാൻ ആഗ്രഹിക്കുന്നവനെല്ലാം മറ്റുള്ളവരുടെ ദാസനാകട്ടെ.’ ‘മിനിസ്റ്റർ’ (Minister) എന്ന വാക്കിന്റെ ശരിയായ അർത്ഥം ‘യജമാനൻ’ എന്നല്ല, ‘ശുശ്രൂഷക്കാരൻ’ അഥവാ ‘ദാസൻ’ എന്നാണ്. എളിമയും ലളിതജീവിതവുമുള്ള അധികാരികളെ ജനം ഹൃദയത്തിൽ എക്കാലവും ബഹുമാനിക്കും.
എന്റെ യാത്രകളിൽ ലളിതജീവിതം മുഖമുദ്രയാക്കിയ വിവിധ മേഖലകളിലെ നിരവധി മഹാന്മാരെ ഞാൻ കണ്ടിട്ടുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയ അവരിൽ ചിലരെക്കുറിച്ച് പിറകാലെ എന്റെ ഫേസ്ബുക്ക് പംക്തിയിൽ എഴുതാം.
നമ്മുടെ ആത്മീയ-മത-രാഷ്ട്രീയ-സാമൂഹ്യ- കലാമേഖലകളിലെ അധികാരികൾ യേശുക്രിസ്തു കാട്ടിത്തന്ന താഴ്മയും ലളിതജീവിതവും അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും ഞാൻ മോഹിച്ചുപോകാറുണ്ട്.
(വാട്സ്ആപ്പ് : 9847481080)

Comments are closed.