ഇസ്രായേൽ -പാലസ്തീൻ സംഘർഷം യുദ്ധത്തിലേക്ക്
ടെല്‍ അവീവ്: പാലസ്തീനില്‍ മസ്ജിദുല്‍ അഖ്‌സയിലും ജറുസലേമിലും തുടരുന്ന പൊലീസ് ഭീകരതക്കൊപ്പം ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. ഇതില്‍ 12 കുട്ടികളും ഉള്‍പ്പെടുന്നു.
220 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2014-നു ശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മിസൈല്‍ ആക്രമണത്തിലൂടെ ഗാസയിലെ ബഹുനില ജനവാസ കെട്ടിടം പൂര്‍ണമായും ഇസ്രായേല്‍ തകര്‍ത്തു. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പുറമെ മെഡിക്കല്‍ ഉല്‍പാദന സ്ഥാപനങ്ങള്‍, ഡെന്റല്‍ ക്ലിനിക് എന്നിവയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ത്തത്. ഹമാസ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവര്‍ത്തിച്ച 13 നില കെട്ടിടവും ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു. നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഹെബ്രോണില്‍ ഫലസ്തീനികള്‍ താമസിച്ചുവന്ന അല്‍ഫവാര്‍ അഭയാര്‍ഥി ക്യാമ്പും ഇസ്രായേല്‍ തകര്‍ത്തു. അതേസമയം, ഹമാസ് ഇസ്രായേലില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ മൂന്നു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേര്‍ മരിച്ചതായി ഇസ്രായേലി പത്രം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും ഒരു യുദ്ധത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും മിഡില്‍ ഈസ്റ്റിലെ ഐക്യരാഷ്ട്ര സഭയുടെ സമാധാന പ്രതിനിധി ടോര്‍ വെന്നസ്ലാന്റ് ട്വീറ്റ് ചെയ്തു.
ബുധാനാഴ്ച പുലര്‍ച്ചെ 30 സ്‌ഫോടനം എങ്കിലും ഗാസയില്‍ നടന്നിട്ടുണ്ട് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിന്റെ 500 കേന്ദ്രങ്ങളിലേയ്ക്ക് വ്യോമാക്രമണം നടത്തിയിട്ടുണ്ടെന്ന് ഇസ്രായേലും അവകാശപ്പെടുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമാങ്ങള്‍ക്ക് പകരമായി ബീര്‍ഷെബയിലും ടെല്‍ അവീവിലും 210 റോക്കറ്റാക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗം അറിയിച്ചു.അതേസമയം, ജറുസലേമില്‍ ദിവസങ്ങളായി ഇസ്രായേല്‍ പൊലീസ് തുടരുന്ന ഭീകരതയില്‍ ഇതുവരെ 700-ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മസ്ജിദുല്‍ അഖ്‌സയില്‍ കടന്നുകയറി വ്യാപകമായി ആക്രമണം തുടരുന്നതില്‍ ലോകമെങ്ങും പ്രതിഷേധം ശക്തമാണെങ്കിലും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. ദിവസങ്ങള്‍ക്കിടെ ആറു തവണയാണ് ഇസ്രയേല്‍ പൊലീസ് മസ്ജിദിനകത്തുകയറി വിശ്വാസികള്‍ക്കു നേരെ ആക്രമണം നടത്തിയത്. റമദാന്‍ 27-ന് ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിച്ച് ഒത്തുകൂടിയ വിശ്വാസികള്‍ക്കു നേരെയും ആക്രമണമുണ്ടായി.
മസ്ജിദുല്‍ അഖ്‌സയോടു ചേര്‍ന്നുള്ള ശൈഖ് ജര്‍റാഹ് പ്രദേശത്ത് ജൂത കുടിയേറ്റ വീടുകളും പാര്‍ക്കുകളും നിര്‍മിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി താമസക്കാരായ ഫലസ്തീനികളെ കുടിയിറക്കുന്നതില്‍ പ്രതിഷേധിച്ചാണ് പള്ളിയില്‍ താമസക്കാരും അവരെ അനുകൂലിക്കുന്നവരും ഒരുമിച്ചുകൂടിയത്. പള്ളിക്കു നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ റോക്കറ്റാക്രമണം അവസാനിപ്പിക്കില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. തിങ്കളാഴ്ച ഹമാസ് ഇസ്രായേലിന് അന്ത്യശാസനം നല്‍കിയിരുന്നു. മസ്ജിദുല്‍ അഖ്‌സയിലെ പൊലീസ് സാന്നിധ്യം അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സമയം അവസാനിച്ചിട്ടും പൊലീസ് നടപടികള്‍ അവസാനിക്കാതെ വന്നതോടെ ഗാസയില്‍ നിന്ന് റോക്കറ്റാക്രമണം നടത്തുകയായിരുന്നു. അതിനിടെ, ഫലസ്തീനികള്‍ താമസിക്കുന്ന ലോദ് ഉള്‍പെടെ പ്രദേശങ്ങളില്‍ ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്ന് ലോക രാഷ്ട്രങ്ങള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആക്രമണത്തിനായി 80 യുദ്ധ വിമാനങ്ങളും ടാങ്കുകളും വിന്യസിച്ചതിനു പുറമെ കാലാള്‍പടയുടെ അധിക സേവനവും ലഭ്യമാക്കിയതായി ഇസ്രായേല്‍ അറിയിച്ചു.