ലണ്ടൻ : ബിബിസിയിലെ മാധ്യമപ്രവർത്തകർക്ക് മതവിഷയങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലെന്ന് മുൻ എഡിറ്ററും റേഡിയോ 4 ‘ഫീഡ്‌ബാക്ക്’ അവതാരകനുമായ റോജർ ബോൾട്ടൺ. റിലീജിയൻ മീഡിയ സെന്ററുമായി സംസാരിക്കവെയാണ് അദ്ദേഹം ബിബിസിയുടെ ‘മതപരമായ നിരക്ഷരതയെ’ രൂക്ഷമായി വിമർശിച്ചത്. ജനജീവിതത്തിൽ മതം ചെലുത്തുന്ന സ്വാധീനവും മാധ്യമങ്ങൾ അത് അവതരിപ്പിക്കുന്ന രീതിയും തമ്മിൽ വലിയൊരു അന്തരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജീവനക്കാർക്ക് മതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിശീലനം നൽകാൻ ബിബിസി തയ്യാറാകണമെന്ന് ബോൾട്ടൺ ആവശ്യപ്പെടുന്നു.
മാത്രമല്ല, യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെല്ലും സമാനമായ ആശങ്ക പങ്കുവെച്ചു. ബിബിസിയുടെ പല പരിപാടികളിലും മതത്തെക്കുറിച്ചുള്ള ധാരണക്കുറവ് കാണുമ്പോൾ സങ്കടവും അസ്വസ്ഥതയും തോന്നുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2010 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം മത-ധാർമ്മിക വിഷയങ്ങൾക്കുള്ള പ്രക്ഷേപണ സമയം പകുതിയായി കുറഞ്ഞുവെന്ന് ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടും വ്യക്തമാക്കുന്നു.
മാധ്യമപ്രവർത്തകരുടെ ലിബറൽ മധ്യവർഗ്ഗ പശ്ചാത്തലം ക്രിസ്ത്യൻ സഭകളോട് ഒരുതരത്തിലുള്ള പുച്ഛവും മതത്തോടുള്ള ചെറിയ തോതിലുള്ള വിദ്വേഷവും വളർത്തുന്നുണ്ടെന്ന് മുൻ ബിബിസി ഉദ്യോഗസ്ഥനായ റോബിൻ ഐറ്റ്കെൻ അഭിപ്രായപ്പെടുന്നു. മതപീഡന വാർത്തകളിൽ ബിബിസി കാട്ടുന്ന പക്ഷപാതപരമായ നിലപാടും ഇതേത്തുടർന്നാണെന്നും അദ്ദേഹം വിമർശിക്കുന്നു. ഇത്തരത്തിൽ മതവിഷയങ്ങളിൽ ബിബിസിയുടെ നിലപാട് നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണ്!

Comments are closed.